ആലപ്പുഴ: ജില്ലയിലെ കെഎസ്‌യു നേതൃയോഗത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന നേതൃത്വം. 66 ജില്ലാ ഭാരവാഹികളിൽ 31 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിനെത്താത്ത ഭാരവാഹികളെ നീക്കാനാണ് തീരുമാനം. പങ്കെടുക്കാത്തവരോട് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ദേശീയ സെക്രട്ടറി അനുലേഖ, സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. ജില്ലയിലെ 19 കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കെഎസ്‌യു തോറ്റിരുന്നു. ഇതിനുപിന്നാലെ കെഎസ്‌യുവിൽ പൊട്ടിത്തെറി ഉടലെടുത്തിരുന്നു. പരാജയത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഒരു വിഭാഗം ഉയർത്തിയത്.
ജില്ലയില്‍ ആകെ രണ്ടിടത്താണ് കെഎസ്‌യു ഇത്തവണ മത്സരിച്ചത്. കരുത്തുള്ളിടത്ത് പോലും മത്സരിച്ചിരുന്നില്ല. എസ്ഡി കോളേജിൽ അടക്കം കെഎസ്‌യു സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. നാല് വര്‍ഷങ്ങളിലായി കെഎസ്‌യു ഭരിച്ചിരുന്ന എംഎസ്എം കോളേജിലെ യൂണിയന്‍ ഭരണമാണ് ഇത്തവണ എസ്എഫ്‌ഐ തിരികെ പിടിച്ചിരിക്കുന്നത്. കെഎസ്‌യു മത്സരിച്ച മറ്റൊരിടമായ അമ്പലപ്പുഴ ഗവ. കോളേജില്‍ എസ്എഫ്‌ഐ വിജയിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.