കോഴിക്കോട്: മൂന്നാം ബലാത്സംഗ കേസിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. കോൺഗ്രസിന്റെ ഒരു ജനപ്രതിനിധിയാണ് പീഡന കേസിൽ പിടിയിലായത്. പീഡനം മാത്രമല്ല സാമ്പത്തിക തട്ടിപ്പുമുണ്ടായിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. രാഹുലിനെതിരെ നേരത്തെ വന്ന പരാതികൾ വനിതാ കമ്മീഷൻ പൊലീസിന് കൈമാറിയിരുന്നുവെന്നും പി. സതീദേവി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി പേരാണ് പീഡനത്തിന് ഇരയായത്. നിരവധി പെൺകുട്ടികളുടെ നേർക്ക് മനുഷ്യത്വ രഹിതമായ പീഡനം ഉണ്ടായി. പീഡനം മാത്രമല്ല, യുവതിയുടെ പണം പിടിച്ചു പറിക്കുകയും ചെയ്തു. ഒടുവിൽ പ്രതിയെ പൊലീസ് പിടികൂടിയെന്നാണ് കാണുന്നത്. സ്ത്രീകൾക്ക് കേരളത്തിൽ സുരക്ഷ ഉണ്ടെന്നാണ് ഈ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും സതീദേവി കൂട്ടിച്ചേർത്തു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസിനെയും സതീദേവി അഭിനന്ദിച്ചു.
ബലാത്സംഗവും ഗർഭഛിദ്ര പ്രേരണയും ചുമത്തിയ മൂന്നാം കേസിലാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും അതിനാടകീയമായാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്യാമ്പിലെത്തിച്ച രാഹുലിനെ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്. യുവതിയെ അറിയാം എന്ന് ചോദ്യം ചെയ്യലിൽ രാഹുൽ സമ്മതിച്ചുവെന്നാണ് വിവരം. അതേസമയം, ഇന്ന് തന്നെ രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് പൊലീസിൻ്റെ നീക്കം.