KERALA

മീനങ്ങാടി സ്കൂള്‍ വിനോദ യാത്ര വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് സ്റ്റേ അനുവദിച്ചത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നായിരുന്നു പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ അവകാശപ്പെട്ടത്. ഈ സാഹചര്യത്തിൽ സ്ഥലംമാറ്റൽ നടപടി നീതിക്ക് നിരക്കാത്തതാണെന്നും ഷിവി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയതോടെയാണ് സ്ഥലം മാറ്റത്തിന് സ്‌റ്റേ ലഭിച്ചത്.

പ്രിന്‍സിപ്പലിൻ്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും സ്‌കൂള്‍ മുറ്റത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിനോദയാത്രക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നാരോപിച്ചാണ് ആദ്യം വിവാദമുയര്‍ന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പ്രിന്‍സിപ്പലിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ 12 മണിക്കൂര്‍ കഴിഞ്ഞതുകൊണ്ടാണ് മദ്യത്തിന്റെ അംശം കണ്ടെത്താനാവാഞ്ഞതെന്നും മൂത്ര പരിശോധനയ്ക്ക് പ്രിന്‍സിപ്പല്‍ സമ്മതിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഒരു വിഭാഗം വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിച്ചിരുന്നു. അതേസമയം വലിയ ഒരു വിഭാഗം കുട്ടികളും പ്രിന്‍സിപ്പലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ വിനോദയാത്രകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ പ്രധാനാധ്യാപകനെ മീനങ്ങാടി സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റി ഉത്തരവിട്ടിരുന്നു. വടുവഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് സ്ഥലംമാറ്റ നടപടി എടുത്തത്.

അതേസമയം, വിനോദയാത്രയ്ക്ക് അനുമതി തേടിയ രേഖയുടെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ആര്‍ഡിഡിക്ക് അയച്ച അപേക്ഷയുടെ പകര്‍പ്പാണ് പുറത്ത് വന്നത്. ഓഗസ്റ്റ് 14നാണ് വിനോദയാത്രക്ക് അനുമതി തേടിയുള്ള അപേക്ഷ ആര്‍ഡിഡിക്ക് അയച്ചത്. രണ്ട് മാസത്തില്‍ അധികമായിട്ടും സ്‌കൂളിന് തിരിച്ച് മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഒക്ടോബര്‍ 25നാണ് വിനോദയാത്ര പോയത്. അനുമതിയ്ക്കായി അപേക്ഷ അയച്ചിരുന്നുവെന്നും പലപ്പോഴും വിനോദ യാത്രയ്ക്ക് പോകും മുന്‍പ് മറുപടി ലഭിക്കാറില്ലെന്ന് സ്‌കൂള്‍ അധികൃതകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT