

വയനാട്: മീനങ്ങാടി എച്ച്എസ്എസിലെ വിനോദയാത്രാ വിവാദത്തില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കായി അനുമതി തേടിയ രേഖയുടെ പകര്‍പ്പ് പുറത്ത്. ആര്‍ഡിഡിക്ക് അയച്ച അപേക്ഷയുടെ പകര്‍പ്പാണ് പുറത്ത് വന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്ന് കാണിച്ചായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. ഇതിന് പിന്നാലെയാണ് പകര്‍പ്പ് പുറത്തുവന്നത്
ഓഗസ്റ്റ് 14ന് വിനോദയാത്രക്ക് അനുമതി തേടിയുള്ള അപേക്ഷ ആര്‍ഡിഡിക്ക് അയച്ചു. ഒക്ടോബര്‍ 25നാണ് വിനോദയാത്ര പോയത്. രണ്ട് മാസത്തില്‍ അധികമായിട്ടും സ്‌കൂളിന് തിരിച്ച് മറുപടി ലഭിച്ചിട്ടില്ല.
അനുമതിയ്ക്കായി അപേക്ഷ അയച്ചിരുന്നുവെന്നും പലപ്പോഴും വിനോദ യാത്രയ്ക്ക് പോകും മുന്‍പ് മറുപടി ലഭിക്കാറില്ലെന്ന് സ്‌കൂള്‍ അധികൃതകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ആര്‍ഡിഡി അനുമതി ഇല്ലാതെയാണ് വിനോദ യാത്ര എന്നത് ഉള്‍പ്പടെ ചൂണ്ടികാണിച്ചാണ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയത്. അതേസമയം പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസവും വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു.
വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ചായിരുന്നു ആദ്യം വിവാദമുണ്ടായത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ഇതിന് ശേഷവും പ്രിന്‍സിപ്പലിനെ മാറ്റിയതിലാണ് വിദ്യാര്‍ഥികള്‍ തന്നെ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്.
പ്രിന്‍സിപ്പലിനെ വടുവഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് സ്ഥലംമാറ്റിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ മാനേജ്‌മെന്റും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.