രാജൻ പ്ലാസ്റ്റിക് ശേഖരിക്കുന്നു Source: News Malayalam 24x7
KERALA

ലാഭേച്ഛയില്ല, ലക്ഷ്യം പഴയങ്ങാടി പുഴയുടെ വീണ്ടെടുപ്പ് മാത്രം; 'കണ്ടൽ രാജ'ൻ്റെ ഒറ്റയാൾ പോരാട്ടത്തിൻ്റെ കഥ!

പഴയങ്ങാടി പുഴയിലേക്ക് പലയിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന പ്ലാസ്‌റ്റിക് കുപ്പികൾ ശേഖരിക്കുകയാണ് രാജൻ

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പഴയങ്ങാടിയിലെ രാജൻ ഒറ്റയാൾ പോരാട്ടത്തിലാണ്. പഴയങ്ങാടി പുഴയിൽ ഒഴുകി നടക്കുന്ന പ്ലാസ്‌റ്റിക് കുപ്പികൾ ശേഖരിച്ച് പുഴ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. ഒപ്പം പ്ലാസ്‌റ്റിക് നിറഞ്ഞ് നശിക്കുന്ന കണ്ടൽചെടികളുടെ സംരക്ഷണവും. കണ്ടൽ വത്കരണത്തിലൂടെ ശ്രദ്ധേയനായനാണ് രാജൻ.

പഴയങ്ങാടിയിലെ പാറയിൽ രാജനാണ് കഥാനായകൻ. കണ്ടൽക്കാടുകൾക്കിടയിലൂടെ തോണി തുഴഞ്ഞ് ഒരാൾ. ഇടതൂർന്ന വേരുകൾക്കിടയിലേക്ക് അയാൾ ഊർന്ന് ഇറങ്ങിപ്പോകും. വേരൂന്നിയ ചെളിയിൽ കാലുകൊണ്ടും കൈകൊണ്ടും തപ്പും. കണ്ടലുകൾ നടുന്നതും പരിപാലിക്കുന്നതും ജീവിതചര്യയാക്കിയ ഈ മനുഷ്യനെ നാട്ടുകാർ 'കണ്ടൽ രാജനെ'ന്ന് വിളിച്ചു.

പഴയങ്ങാടി പുഴയിലേക്ക് പലയിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന പ്ലാസ്‌റ്റിക് കുപ്പികൾ ശേഖരിക്കുകയാണ് രാജൻ .വീടിനോട് ചേർന്ന് കരയിൽ കൂട്ടിയിട്ട കൂമ്പാരം തന്നെയാണ്, രാജനെന്ത് ചെയ്യുന്നു എന്നതിന്റെ ഉത്തരം. മീൻ പിടിത്തമാണ് രാജൻ്റെ ഉപജീവന മാർഗം. അന്നം തരുന്ന പുഴയിൽ അങ്ങിങ്ങ് ഒഴുകി നടക്കുന്ന പ്ലാസ്‌റ്റിക് കുപ്പികൾ അന്നത്തിലെ കല്ലുപോലെയാണ് രാജന്. അതുകൊണ്ട് സ്വയം ഇറങ്ങിതിരിച്ചതാണ് . പ്രതിഫലം മോഹിച്ചല്ല, പുഴയുടെ വീണ്ടെടുപ്പിന് വേണ്ടി.

സമയം കിട്ടുമ്പോഴെല്ലാം തോണിയുമായി പുഴയിലിറങ്ങി പ്ലാസ്റ്റിക് ശേഖരിക്കും. നിമിഷനേരം കൊണ്ട് ഒരു തോണി നിറയും. വലയെറിയാൻ പോകുമ്പോഴും കാണുന്ന പ്ലാസ്റ്റിക് പെറുക്കി തോണിയിലേക്കിടും. രാജൻ തന്നെ നട്ടു പിടിപ്പിച്ച ലക്ഷക്കണക്കിന് കണ്ടൽ ചെടികളുണ്ട് ഈ പുഴയുടെ ഇരു കരകളിലും. അവയുടെ സംരക്ഷണം കൂടിയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

SCROLL FOR NEXT