KERALA

ബിഡിഎസ് വിദ്യാർഥിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ

നിറത്തിൻ്റെ പേരിൽ ഉൾപ്പെടെ വിദ്യാർഥി കടുത്ത അധിക്ഷേപം നേരിട്ടുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ. ജാതി വിവേചനത്തിന് അധ്യാപകർ നേതൃത്വം നൽകുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഉത്തരവാദികളായവർക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം. ശിവപ്രസാദ് ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ രോഹിത് ആക്ട് നടപ്പിലാക്കാൻ ബിജെപി നേതൃത്വം തയ്യാറാകണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും ശിവപ്രസാദ് പറഞ്ഞു.

അധ്യാപകരിൽ നിന്നും വിവേചനം അനുഭവിക്കേണ്ടിവരുന്നത് ലജ്ജാവഹമെന്ന് എബിവിപി നേതൃത്വം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. മരണത്തിൽ കെഎസ്‌യു പഴുതടച്ച അന്വേഷണം ആവശ്യപ്പെട്ടു. അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് വിഷയത്തിൻ്റെ തീവ്രത അവസാനിക്കുന്നില്ലെന്നും വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി പട്ടികവർഗ കമ്മീഷനും പരാതി നൽകുമെന്നും കെഎസ്‌യു പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നും നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപം ഉണ്ടായെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.

SCROLL FOR NEXT