പാലക്കാട്: മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി വിദ്യാർഥിക്ക് പരിക്ക്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിന്റെ പരിസരത്താണ് അപകടം. സ്കൂൾ കോമ്പൗണ്ടിന് ഉള്ളിൽ നിന്നാണ് പടക്കം കണ്ടെത്തിയത്.
സ്കൂൾ പരിസരത്ത് നിന്ന് കിട്ടിയത് പന്നിപ്പടക്കമാണെന്ന് അറിയാതെ വിദ്യാർഥി എടുത്ത് എറിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കം പട്ടി കൊണ്ടു വന്ന് ഇട്ടതാകം എന്നാണ് ബിജെപി ഐടി സെൽ ജില്ലാ കോർഡിനേറ്റർ സുരേഷ് പറയുന്നത്. എന്നാല്‍, ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നിന്ന് സ്ഫോടക വസ്തുക്കൾ ലഭിച്ചതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തി.
സ്കൂൾ മാനേജ്മിൻ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. ചെറിയ കുരുന്നുകൾ പഠിക്കുന്ന വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വരെ ആർഎസ്എസ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നാണ് ആരോപണം. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
അതേസമയം, സ്കൂൾ പരിസരത്തെ പൊട്ടിത്തെറിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ ആരോപിച്ചു. ബോധപൂർവം സംഘർഷo സൃഷ്ടിക്കാൻ ശ്രമo നടന്നു. ഗണേശോത്സവം മുൻനിർത്തി പ്രശ്നങ്ങൾ നടന്നുവെന്നും ഏത് അന്വേഷണo വേണമെങ്കിലും നടത്തട്ടെയെന്നും കൃഷ്ണകുമാർ പറഞ്ഞു.