എറണാകുളം: കാലടി സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിൻവലിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് വിദ്യാർഥികളും ഇടത് നേതാക്കളും. ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ലെന്നും ഉടൻ തന്നെ പരീക്ഷയെഴുതുമെന്നും വിദ്യാർഥികൾ പറഞ്ഞു. ഞങ്ങൾഒരു തെറ്റും ചെയ്തിട്ടില്ല. റോജി എം. ജോണും സിസ തോമസും സർക്കാരുമാണ് ഉത്തരവാദികൾ. ഇത് നീതിയുടെ വിജയമാണെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് സിപിഐഎം നേതാവ് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വിധി വിദ്യാഭ്യാസ മേഖലയെയും ന്യായത്തെയും സംരക്ഷിക്കുന്നത്. അക്കാദമിക് പ്രശ്നങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളെ വൈരാഗ്യബുദ്ധിയോടെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും സ്വീകരിച്ചത് അങ്ങേയറ്റം തെറ്റായതും വിദ്യാർഥി-വിദ്യാഭ്യാസ വിരുദ്ധവുമായ നിലപാട്.
വിദ്യാർഥികളെ ഇല്ലാതാക്കുന്ന നടപടികൾക്ക് സർക്കാർ നേതൃത്വം നൽകരുതായിരുന്നുവെന്നും വിദ്യാർഥി വിരുദ്ധ നിലപാടെടുക്കുന്നവർക്കെതിരെ കർശന സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക വി.സി സ്ഥാനത്തുനിന്ന് സിസ തോമസ് മാറിനിൽക്കണം. അവർ സ്ഥാനത്തുനിന്ന് മാറിനിന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പകുതി പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സിസതോമസ് പോയിട്ടുള്ള ഇടങ്ങളിലെല്ലാം വിദ്യാർഥികളെയും അധ്യാപകരെയും തമ്മിലടിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ബാലഗോപാല്‍ പറഞ്ഞു.
ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ കള്ളപ്രചരണത്തിന്റെ മുഖത്തേറ്റ പ്രഹരമാണെന്നായിരുന്നു എം.ബി. രാജേഷിൻ്റെ പ്രതികരണം. വൈസ് ചാൻസലറെ ശാരീരികമായി ആക്രമിച്ചതിനാണ് സസ്പെൻഷൻ എന്ന മുഖ്യമന്ത്രിയുടെ വാദം തകർന്നുവീണു. എല്ലാ ദിവസവും നിരവധി കള്ളങ്ങൾ പറയുന്ന മുഖ്യമന്ത്രിക്ക് ഒരു കള്ളത്തിന് മുഖമടച്ച് അടി കിട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രി അല്ല കേരളത്തിലുള്ളത് കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിയാണ്. മാപ്പ് പറയില്ല എന്ന വിദ്യാർഥികളുടെ അന്നത്തെ നിലപാട് ഇപ്പോൾ ശരിവെക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.