KERALA

വന്യമൃഗശല്യം രൂക്ഷം; സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കള്ളാടിയിലെ സർക്കാർ സ്കൂൾ

വനമേഖലയക്ക് സമീപമുള്ള വയനാട് കള്ളാടിയിലെ മീനാക്ഷി വിലാസ് ഗവ. എൽപി സ്കൂളാണ് ഒരു ചുറ്റുമതിൽ പോലും ഇല്ലാതെ പ്രവർത്തിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

വയനാട്: വന്യമൃഗങ്ങളുടെ ശല്യം പതിവായ മേഖലയിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ഒരു സർക്കാർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. വനമേഖലയക്ക് സമീപമുള്ള വയനാട് കള്ളാടിയിലെ മീനാക്ഷി വിലാസ് ഗവ. എൽപി സ്കൂളാണ് ഒരു ചുറ്റുമതിൽ പോലും ഇല്ലാതെ പ്രവർത്തിക്കുന്നത്.

എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളായ 14 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് നിരന്തരം ഭീഷണി ഉയർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് സ്കൂൾ അധികൃതരുടെ ആക്ഷേപം.

2011ലാണ് അട്ടമലയിൽ പ്രവർത്തിച്ചിരുന്ന തമിഴ് മീഡിയം എൽപി സ്കൂൾ കള്ളാടി വനമേഖലക്ക് സമീപമുള്ള മീനാക്ഷി എസ്റ്റേറ്റിലെ ഒരേക്കർ ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ചത്. എന്നാൽ വനമേഖലക്ക് സമീപം പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റും താൽക്കാലികമായി നിർമിച്ച ഒരു വേലി മാത്രമാണുള്ളത്. ഈ വേലികൾ കാട്ടാനകൾ തകർത്ത നിലയിലാണ് ഉള്ളത്.

ചുറ്റുമതിൽ കെട്ടണമെന്നും ഫെൻസിങ്ങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുളളവർക്ക് നിവേദനം നൽകിയിരുന്നു എങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്കൂളിന് ഏകദേശം ഒരു കിലോമീറ്റർ അകലെ വച്ചാണ് കഴിഞ്ഞയാഴ്ച ഒരു സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

SCROLL FOR NEXT