KERALA

കല്ലമ്പലത്ത് നിന്ന് ആംബുലന്‍സ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും കണ്ടെത്തി; തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യും

പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാര്‍ഥികള്‍.

Author : കവിത രേണുക

കോഴിക്കോട്: തിരുവനന്തപുരത്ത് ആംബുലന്‍സ് കടത്തിക്കൊണ്ടുപോയ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാര്‍ഥികള്‍.

കല്ലമ്പലത്ത് നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ആംബുലന്‍സ് കടത്തിക്കൊണ്ടു പോയത്. വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും.

ആംബുലന്‍സ് കൊല്ലത്ത് ഉപേക്ഷിച്ചതായാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

കല്ലമ്പലം കുടവൂര്‍ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിദ്യാര്‍ഥികള്‍ കടത്തിയത്. കാണാതായ കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആംബുലന്‍സ് മോഷണം പോയത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വിദ്യാര്‍ഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞിരുന്നു.

SCROLL FOR NEXT