ചേലക്കരയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ് ഒതുക്കി തീർക്കാൻ എസ്ഐയെ സ്ഥലം മാറ്റി 
KERALA

പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ; ചേലക്കരയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ് ഒതുക്കി തീർക്കാൻ എസ്ഐയെ സ്ഥലം മാറ്റി

ചേലക്കര കൊണ്ടാഴി മണ്ഡലം പ്രസിഡൻ്റ് വിനോദ്, കാലടി സ്വദേശി ഷിൻ്റോ എന്നിവരെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയാണ് ആക്ഷേപം.

Author : ന്യൂസ് ഡെസ്ക്

െതൃശൂർ: ചേലക്കര സൂപ്പിപ്പടിയിൽ നിയമം ലംഘിച്ച് നടത്തിയ അനധികൃത കരിങ്കൽ ഖനനവും അവിടെനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയതുമായ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നാണ് ആരോപണം. ചേലക്കര കൊണ്ടാഴി മണ്ഡലം പ്രസിഡൻ്റ് വിനോദ് , കാലടി സ്വദേശി ഷിൻ്റോ എന്നിവരെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയാണ് ആക്ഷേപം.

ഷിൻ്റോയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിനോദ് നടത്തുന്ന പാറ ഖനനത്തിന് എതിരെ പ്രദേശവാസികളാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃത സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയുടെ പേരില്ലാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള വിനോദിൻ്റെ സഹോദരൻ വിനീതും കേസിൽപെട്ടതോടെ ഉന്നതതല ഇടപെടൽ ഉണ്ടാവുകയായിരുന്നു. ചേലക്കരയിലെ ഈ ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നതിനുള്ള അനുമതി ഇവർക്ക് ലഭിച്ചിരുന്നുവെങ്കിലും, കരിങ്കൽ ഖനനം നടത്തുകയാണെങ്കിൽ ഒരു കാരണവശാലും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു.

എന്നാൽ വിലക്ക് ലംഘിച്ച് ഇവിടെ വ്യാപകമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഖനനം നടത്തുന്നതായി നാട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവിടെ നിന്നും ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള വലിയ തോതിലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെ വിനോദിനെ ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഈ സമയത്ത് പ്രതിയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉന്നത ഇടപെടൽ ഉണ്ടായെന്നാണ് ആരോപണം. സംഭവസ്ഥലത്ത് റെയ്ഡ് നടത്തി സ്ഫോടക വസ്തുക്കൾ പിടികൂടുന്നതിന് നേതൃത്വം നൽകിയ ചേലക്കര എസ്ഐ ഗ്രീഷ്മയെ തൊട്ടുപിന്നാലെ ചുമതലയിൽ നിന്നും സ്ഥലം മാറ്റിയതും വലിയ വിവാദമായിട്ടുണ്ട്. ഉന്നത സ്വാധീനത്തെത്തുടർന്നാണ് ഈ സ്ഥലംമാറ്റമെന്ന ആക്ഷേപവും ശക്തമാണ്.

SCROLL FOR NEXT