

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘർഷത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചുള്ള സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശം. ക്യാംപസിലും ഹോസ്റ്റലിലും നടന്ന സംഘർഷം അമിതമായ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഘർഷത്തിൽ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്ന വിദ്യാർഥികളെ ഒഴിപ്പിക്കാനും വാർഡൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞമാസം അവസാനത്തോടെയാണ് കോളേജ് ഹോസ്റ്റലിൽ സംഘർഷമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റെസിസ്റ്റൻസ് മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. മാർച്ചിന് നേരെ ഹോസ്റ്റലിൽനിന്ന് കല്ലും കുപ്പിയും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രവർത്തകർ പ്രകോപനമുണ്ടാക്കുകയും ഹോസ്റ്റലിലേക്ക് തീപ്പന്തം എറിയുകയും ചെയ്തെന്നാണ് ഹോസ്റ്റൽ വിദ്യാർഥികളുടെ ആരോപണം.
തുടർന്ന് ഹോസ്റ്റലിലേക്ക് കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിതോരണങ്ങൾ നശിപ്പിച്ചതായും ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും ഏറ്റുമുട്ടലും ഉണ്ടായതായും റിപ്പോർട്ടുണ്ട്. പിന്നീട് ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി രംഗത്തെത്തി. പിന്നാലെ സ്ഥിതി രൂക്ഷമായി. തുടര്ന്ന് അരമണിക്കൂര് നേരത്തോളം തെരുവുയുദ്ധത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സംഭവത്തില് മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര് ചെയ്തത്. എസ്എഫ്ഐ, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.