പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുമ്പോള്‍, ചുട്ടുപൊള്ളുകയാണ് പാലക്കാട് ജില്ല. 40 ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ ശരാശരി ചൂട്. സൂര്യാതപം, സൂര്യാഘാതമടക്കം 4 ആഴ്ചയ്ക്കിടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് 318 പേരാണ്. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി ചേർത്താല്‍ എണ്ണം ഇതിന് മുകളിലാകും.
ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് പാലക്കാട് ജില്ലയിൽ നിലവിലുള്ളത്. പകൽ സമയങ്ങളിൽ ഹ്യുമിഡിറ്റി കൂടുതലായതിനാൽ ചൂടിൻ്റെ കാഠിന്യവും കൂടും. വിയർപ്പും , തളർച്ചയും, തലകറക്കവും കാരണം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് സൂര്യാതപമേറ്റ് ജില്ലയിൽ ഒരാൾ മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം സൂര്യാതപം കാരണമുണ്ടാകുന്ന ചൂടുകുരു, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളുമായി പാലക്കാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണം 200 കടന്നു.
ചികിത്സ തേടിയ 71 പേരുടെ ശരീരത്തിലെ തൊലി പൊള്ളി അടർന്ന നിലയിലായിരുന്നു. നിരന്തരം വെയില്‍ കൊള്ളുന്നത് സൂര്യാഘ്യാതം ഏല്‍ക്കാനും, മരണം വരെ സംഭവിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ചൂട് കാറ്റ് വീശുന്നതിനാൽ വൈകുന്നേരം അഞ്ച് മണിയ്ക്ക് ശേഷവും ജില്ലയില്‍ താപനില താഴാറില്ല. അതിനാൽ രാത്രി കാലങ്ങളിൽ പാമ്പ് ശല്യവും വർധിച്ചിട്ടുണ്ട്. മാർച്ചില്‍ 44 പേർക്കും. ഏപ്രിലില്‍ 43 പേർക്കുമാണ് ജില്ലയില്‍ പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റാലുടൻ നൽകേണ്ട ആൻ്റിവെനം ഇഞ്ചക്ഷനും വിദഗ്ദ ചികിത്സാ സൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽ ക്രമീകരിച്ചിട്ടുണ്ട്.
വേനല്‍ കടുത്തതോടെ ജില്ലയിലെ ജല സ്രോതസ്സുകളും വറ്റിവരണ്ടു. ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. വേനല്‍മഴ എത്തിയില്ലെങ്കില്‍ നിലവിലെ ചൂട് കുറച്ചുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ അന്തരീക്ഷ താപനില ഒരു ഡിഗ്രി വരെയെങ്കിലും കുറയുമെന്നാണ് പ്രതീക്ഷ.