KERALA

സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റും ശൈലജയുടെ വ്യക്തി പ്രഭാവവും; പേരാവൂരിൽ ഇക്കുറി തീപാറുന്ന പോരാട്ടം

ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വരുമ്പോൾ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാവുകയാണ് പേരാവൂർ

Author : ലിൻ്റു ഗീത

മലയോര രാഷ്ട്രീയവും കുടിയേറ്റ കർഷകരുടെ നിലപാടുകളും വിധി നിശ്ചയിക്കുന്ന കണ്ണൂരിലെ കരുത്തുറ്റ മണ്ഡലം. 1977ൽ രൂപീകൃതമായത് മുതൽ പേരാവൂർ കൂടുതൽ തവണയും നിന്നത് വലതിനൊപ്പമാണ്. ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പേരാവൂർ നിയമസഭാമണ്ഡലം. 1977 മുതൽ 1991 വരെ കോൺ​ഗ്രസിൻ്റെ കെ.പി. നൂറുദ്ദീൻ ആയിരുന്നു പേരാവൂരുകാരുടെ എംഎൽഎ. 1996ൽ കോൺ​ഗ്രസ് എസിൻ്റെ കെ.ടി. കുഞ്ഞഹമ്മദിലൂടെയാണ് എൽഡിഎഫ് മണ്ഡലം ആദ്യമായി സ്വന്തമാക്കുന്നത്. എന്നാൽ തൊട്ടടുത്ത ടേമിൽ, 2001ൽ എ.ഡി. മുസ്തഫയിലൂടെ വീണ്ടും മണ്ഡലം യുഡിഎഫിൻ്റെ കൈകളിലെത്തി.

2006ലാണ് കോൺഗ്രസിനെ അട്ടിമറിച്ച് പേരാവൂർ കെ.കെ. ശൈലജ പിടിച്ചടക്കിയത്. 9,099 വോട്ടുകൾക്കാണ് എ.ഡി. മുസ്തഫയെ ശൈലജ പരാജയപ്പെടുത്തിയത്. മണ്ഡലം രൂപീകൃതമായതിന് ശേഷം എൽഡിഎഫ് നേടിയ ഏറ്റവും വലിയ വിജയവും ഇതായിരുന്നു. പിന്നീട് 2011ൽ സിറ്റിങ് എംഎൽഎ ആയിരുന്ന കെ.കെ. ശൈലജയെ തറപ്പറ്റിച്ച് സണ്ണി ജോസഫ് പേരാവൂരിൽ വിജയയാത്ര ആരംഭിച്ചു. നിയമസഭയിലേക്ക് അഞ്ച് തവണ മത്സരിച്ച ശൈലജ ആ ഒരൊറ്റ തവണ മാത്രമാണ് തോൽക്കുന്നതും. ഇടതുതരംഗം ആഞ്ഞടിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും സണ്ണി ജോസഫിനെ കൈവിടാൻ പേരാവൂർ തയ്യാറായിരുന്നില്ല. 15 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും മത്സരത്തിനെത്തുമ്പോൾ സണ്ണി ജോസഫ് നിലവിൽ കെപിസിസി പ്രസിഡൻ്റും കെ.കെ. ശൈലജ ഒന്നാം പിണറായി സർക്കാരിൽ മികച്ച മന്ത്രിയായി പ്രവർത്തിച്ച, വലിയ ജനസമ്മിതിയുള്ള സിപിഐഎമ്മിൻ്റെ കരുത്തുറ്റ മുഖങ്ങളിലൊരാളുമാണ്.

കേരള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ കെ.കെ. ശൈലജ നേടിയത്. 60,963 വോട്ടുകളാണ് അന്ന് ശൈലജയ്ക്ക് ലഭിച്ചത്. ആ ഉറപ്പാണ് ഒരിക്കൽ കൈവിട്ട മണ്ഡലത്തെ ശൈലജയിലൂടെ തന്നെ തിരിച്ചുപിടിക്കാമെന്നുള്ള സിപിഐഎമ്മിൻ്റെ കണക്കുകൂട്ടലിന് പിന്നിൽ. ഉറച്ച പാർട്ടി വോട്ടുകൾക്കൊപ്പം ശൈലജയുടെ വ്യക്തി പ്രഭാവവും പേരാവൂരിൽ വോട്ടാകുമെന്നു തന്നെയാണ് സിപിഐഎം കരുതുന്നത്. കൂടാതെ 2021ലെ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന് വിജയിക്കാനായെങ്കിലും വോട്ടിൽ 1.7 ശതമാനത്തോളം ഇടിവുണ്ടായിരുന്നു എന്നതും അന്നത്തെ ഇടത് സ്ഥാനാർഥി സക്കീർ ഹുസൈൻ 2.5 ശതമാനം വോട്ട് ഉയർത്തിയതും സിപിഐഎമ്മിന് പ്രതീക്ഷയേകുന്നുണ്ട്. അതുകൊണ്ട് തന്നെ 15 വർഷത്തിനിപ്പുറം എന്ത് വിലകൊടുത്തും പേരാവൂർ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പാർട്ടിയുടെ കരുത്തുറ്റ മുഖങ്ങളിലൊന്നായ ശൈലജയെ സിപിഐഎം കളത്തിലിറക്കിയതും.

ഇതേ ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം വടകരയിൽ ശൈലജയെ നിർത്തിയെങ്കിലും പരാജയമായിരുന്നു ഫലം. കാഫിർ സ്ക്രീൻഷോട്ട് അടക്കമുള്ള വിവാദങ്ങളിൽ അടിതെറ്റിയ ശൈലജയ്ക്ക് ഷാഫി പറമ്പിലിന് മുന്നിൽ തോൽവി വഴങ്ങേണ്ടി വന്നു. ഇതേ പ്രചാരണങ്ങ​ൾ പേരാവൂരിലും ശൈലജക്കെതിരെ യുഡിഎഫ് ആയുധമാക്കുന്നുണ്ട്. ഇടതുവിരുദ്ധ തരംഗം മണ്ഡലത്തിൽ ആഞ്ഞടിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും ഇതിന് തെളിവാണെന്നുമാണ് യുഡിഎഫിൻ്റെ വാദം. എന്നാൽ വടകരയല്ല പേരാവൂർ എന്നതാണ് ഇടതുപക്ഷത്തിന്റെ ആശ്വാസം. മുമ്പും പേരാവൂരും ജനങ്ങളും എൽഡിഎഫിനൊപ്പം നിന്നതാണ്. 2021ൽ കഷ്ടി വിജയം നേടിയ സണ്ണി ജോസഫ് ഇക്കുറി ശൈലജയോട് പരാജയപ്പെടുമെന്ന് തന്നെയാണ് ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ. ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വരുമ്പോൾ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാവുകയാണ് പേരാവൂർ.

SCROLL FOR NEXT