KERALA

"ജിഎൻഎ കരാറിൽ നിന്ന് പിന്‍മാറിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ"; നീരസം പ്രകടമാക്കി സണ്ണി ജോസഫ്

അടുത്ത രണ്ട് മാസം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിഎൻഎയുമായുള്ള വൈദ്യുത കരാറിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജിഎൻഎ കരാറിൽ നിന്ന് പിന്‍മാറിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്കും മേലെയാണെന്നും മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജിഎൻഎ വൈദ്യുതി തൽക്കാലം വാങ്ങേണ്ടതില്ലെന്ന കാര്യം വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജ്ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് താൻ മനസ്സിലാക്കിയതെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെ താൻ അറിഞ്ഞതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കെഎസ്ഇബി ചെയർമാനും ഊർജ്ജവകുപ്പും സെക്രട്ടറിയും വകുപ്പ് മന്ത്രിയായ തന്നെ കാണാത്തതിലുള്ള നീരസവും വൈദ്യുതി മന്ത്രിയുടെ വാക്കുകളിലൂടെ പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിയുമായി താൻ ഒരുപാട് വട്ടം ദീർഘനേരം സംസാരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ തന്നെ വന്ന് കണ്ട് കാര്യങ്ങൾ അറിയിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഒക്ടോബറിൽ പിടിച്ചുനിന്നത് ഹിമാചലിൽ നിന്നുള്ള വൈദ്യുതി കിട്ടിയത് കൊണ്ടാണ്. ഒക്ടോബർ മുതൽ മെയ് വരെ ഹിമാചലിൽ നിന്നുള്ള വൈദ്യുതി കിട്ടിയാൽ പ്രതിസന്ധി ഉണ്ടാവില്ല എന്ന വിലയിരുത്തലിലാണ് ഫയൽ നീങ്ങിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

അടുത്ത രണ്ട് മാസം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിഎൻഎയുമായുള്ള വൈദ്യുത കരാറിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്. നവംബറിലും ഡിസംബറിലും പ്രതിസന്ധിയില്ലെന്നാണ് പുതിയ കെഎസ്ഇബി ചെയർമാന്‍ അറിയിച്ചത്. കരാറിനെ ചൊല്ലി വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു പിന്മാറ്റം.റെഗുലേറ്ററി കമ്മീഷൻ കരാർ തള്ളാനുള്ള സാധ്യതയും കൂടി മുൻകൂട്ടി കണ്ടാണ് തീരുമാനം.

SCROLL FOR NEXT