Source: Facebook
KERALA

"സുജിത്തിനെ മർദിച്ചവരെ പുറത്താക്കണം; ഇപ്പോൾ നടപടി എടുത്തില്ലെങ്കിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യം അത് ചെയ്യും"

മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ്, അത് തട്ടിയെടുക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സുജിത്തിനെ മർദിച്ചവരെ പിരിച്ചു വിടണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം അത് ചെയ്യുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ചെടിച്ചട്ടി കൊണ്ടും മറ്റും മർദിച്ചപ്പോൾ പൊലീസ് നടത്തിയത് രക്ഷപ്രവർത്തനം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി മാത്രമാണ് സുജിത്തിന് നേരിട്ട ക്രൂരത കാണാത്തയാൾ, ബാക്കിയെല്ലാവരും അത് കണ്ടു കഴിഞ്ഞു. സുജിത്തിനെ നിഷ്ഠൂരമായി മർദിച്ചവരെ പിരിച്ചു വിടുക തന്നെ ചെയ്യണം, 15-ാം തീയതി ആരംഭിക്കുന്ന നിയമ സഭയിലും ശക്തമായി വിഷയം ഉയർത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ്, അത് തട്ടിയെടുക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. തൃശൂർ റേഞ്ച് ഡിഐജി റിപ്പോർട്ടുമായി വന്ദേ ഭാരതിൽ കയറി തിരുവനന്തപുരത്ത് ചെന്നാൽ പിറ്റേ ദിവസം ഡിജിപിക്ക് ഇവരെ പിരിച്ചു വിട്ടു ഉത്തരവിറക്കാനാവുമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. 15ാം തീയതി സുജിത്തിൻ്റെ വിവാഹം നടത്തും. കെ.സി. വേണുഗോപാൽ തന്നെ വന്ന് വിവാഹം മുന്നിൽ നിന്ന് നടത്തും. ഇതിനുമുന്നോടിയായി സുജിത്തിന് കോൺഗ്രസ് നേതാക്കൾ സ്വർണമാല സമ്മാനമായി നൽകി. കുന്നംകുളത്തെ കോൺഗ്രസ് പ്രതിഷേധ ധർണയ്ക്ക് ഇടയിലായിരുന്നു സംഭവം.

പിണറായി വിജയൻ ഗുണ്ടകളുടെ പ്രമോഷൻ ലിസ്റ്റിൽ ഒപ്പിടുന്ന മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ജനമൈത്രി പൊലീസിനെ കൊലമൈത്രി പൊലീസ് ആക്കി മാറ്റി. അധികാരത്തിൽ വന്നതു മുതൽ തന്നെ പൊലീസിനെ തനി ഗുണ്ടാ പൊലീസാക്കി മാറ്റി. പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയൻ്റെ നേതൃത്വത്തിലാണ് ഗുണ്ടായിസം വളരുന്നത്. വി. ഡി. സതീശനെതിരെ കോൺഗ്രസ് സൈബർ ഇടങ്ങൾ തിരിയുന്നു എന്ന ചോദ്യത്തിന് കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ ഫോക്കസും സർക്കാരിനെതിരെയാണ് വേണ്ടത്. മറ്റൊരു ലക്ഷ്യവും കോൺഗ്രസ് പ്രവർത്തകർ നോക്കേണ്ടതില്ലെന്നും ഷാഫി പറഞ്ഞു.

രണ്ടുകാലിൽ പൊലീസ് സ്റ്റേഷനിലേക്ക് പോയ ആളുകൾ മൂക്കിൽ പഞ്ഞി വെച്ചാണ് തിരികെ വരുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയനാണ് സിസ്റ്റം നിയന്ത്രിക്കുന്നത്. പൊലീസ് കുത്തഴിയാൻ കാരണം പിണറായി വിജയനാണ്. എല്ലാ വകുപ്പുകളും കൈയിൽ വെച്ചിരിക്കുന്ന മുഖ്യമന്തരിക്ക് എല്ലാം കൂടി നോക്കാൻ സമയമില്ലെന്നും മുരളീധരൻ പറഞ്ഞു.

പൊലീസിൽ മാഫിയ ഗുണ്ടാ സംഘം രൂപപ്പെട്ടു. അധോലോക ബന്ധം എല്ലാം കോക്കസിന്റെ നേതൃത്വത്തിലാണ്. ഇത് നിയന്ത്രിക്കുന്നത് എഡിജിപി അജിത് കുമാറാണ്. പിണറായി വിജയന് വേണ്ടി മധ്യസ്ഥ ചർച്ച നടത്തിയാളാണ് അജിത് കുമാർ. ഈ കണ്ടകശ്ശനി പിണറായിയേം കൊണ്ടേ പോകൂ എന്നും മുരളീധരൻ ഓർമപ്പെടുത്തി.

കുന്നംകുളം പൊലീസ് മർദനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ സമരം തുടരും. ഇപ്പോൾ പിരിച്ചുവിട്ടില്ലെങ്കിൽ 8 മാസം കഴിഞ്ഞു ഞങ്ങൾ അധികാരത്തിൽ വന്നാൽ പിരിച്ചുവിടും. എട്ടു മാസം ഞങ്ങള് മിണ്ടാതിരിക്കുമെന്ന് വിചാരിക്കേണ്ട. നമ്മുടെ പ്രവർത്തകർ ചുണക്കുട്ടികളാണ്. പുറത്തിറങ്ങിയാൽ അടിച്ചു കാലൊടിക്കും. കാക്കി കുപ്പായം ഇട്ട തെരുവു ഗുണ്ടകളെ പുറത്താക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

SCROLL FOR NEXT