കോൺഗ്രസ് സീറ്റ് നിഷേധിച്ച വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ പ്രതിക്കൂട്ടിലാക്കാനില്ലെന്ന് സണ്ണി എ. കപിക്കാട്. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതിപക്ഷ നേതാവ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഭവിച്ചതെന്തെന്ന് തനിക്കും സതീശനും അറിയാം. സജീവ പരിഗണനയിലുണ്ടെങ്കിലും സ്ഥാനാർഥി നിർണയത്തിൽ എത്തിയില്ല. അതിന് പിന്നിൽ ആർഎസ്എസ് സമ്മർദമാണെന്നും സണ്ണി എം. കപിക്കാട് ആരോപിച്ചു.
സണ്ണി എം കപിക്കാടിന് സീറ്റ് വാഗ്‌ദനം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കപിക്കാട് കോൺഗ്രസിനോടാണ് സീറ്റ് ആവശ്യപ്പെട്ടത്. പ്രവർത്തകരുടെ അഭിപ്രായം അനുസരിച്ചാണ് വൈക്കത്ത് കോൺഗ്രസ് മത്സരിക്കാൻ തീരുമാനിച്ചത്. തന്നോട് മത്സരിക്കാൻ താൽപ്പര്യം അറിയിച്ചു. പരിഗണിക്കാം എന്ന് പറഞ്ഞു. പിന്നീട് നേതൃത്വത്തെ അറിയിച്ചു. എന്നാൽ അവിടെ പാർട്ടി പ്രവർത്തകർ മത്സരിക്കട്ടെ എന്നായിരുന്നു നേതൃത്വം തീരുമാനിച്ചത്. എന്നായിരുന്നു സതീശന്റെ മറുപടി.
സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തി വ്യക്തമാക്കി സണ്ണി എം. കപിക്കാട് നേരത്തേ പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സീറ്റ് വാഗ്ദാനം ചെയ്തിട്ടും നൽകിയില്ലെന്നും സ്ഥാനാർഥി ചർച്ചകൾ അങ്ങോട്ട് പോയി ഉറപ്പിച്ചതല്ലെന്നുമായിരുന്നു കപിക്കാടിന്റെ ആരോപണം. പതിനെട്ടോളം സംഘടനകളുടെ സാന്നിധ്യത്തിൽ വൈക്കത്ത് താൻ സ്ഥാനാർഥിയാകുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചതാണ്. എന്തുകൊണ്ട് അത് പാലിക്കപ്പെടാതിരുന്നു എന്നത് വിശദീകരിക്കണമെന്നും കപിക്കാട് ആവശ്യപ്പെട്ടിരുന്നു.