ഡൽഹി: കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികളുടെ വിഷയത്തിൽ ഇടപെടാതെ സുപ്രീം കോടതി. പരീക്ഷ എഴുതാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ ഹർജി അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് സുപ്രീം കോടതി നിർദേശം നൽകി. പരീക്ഷ എഴുതാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സിംഗിൾ ബെഞ്ച് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
ഡോ. സിസ തോമസിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് മാസങ്ങളായി സസ്പെൻഷനിൽ തുടരുന്ന വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് വിദ്യാർത്ഥികൾക്ക് അനുകൂല തീരുമാനം എടുത്താൽ അവർക്കായി പ്രത്യേക പരീക്ഷ നടത്താനും സുപ്രീം കോടതി നിർദേശിച്ചു. നേരത്തേ പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണ വിദ്യാർഥികളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാൽ വിദ്യാർഥികൾക്ക് യോഗ്യതയുണ്ടെന്ന് തെളിഞ്ഞാൽ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക പരീക്ഷ നടത്താൻ സർവകലാശാലയോട് നിർദേശിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി സിംഗിൾ ബഞ്ച് അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷെന്ന് വിദ്യാർഥികളുടെ അഭിഭാഷകൻ ഡോ. സുഭാഷ് ചന്ദ്രൻ.
64 ദിവസത്തേക്ക് ക്ലാസിൽ കയറ്റാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഹാജർ കുറഞ്ഞതെന്നും അതിനുമുമ്പുള്ള ഹാജർ ശതമാനം പരിഗണിക്കണം എന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇക്കാര്യം സിംഗിൾ ബഞ്ചിനെ ബോധ്യപെടുത്താനാകുമെന്ന് വിദ്യാർത്ഥികൾ.
വിസിയുടേയും സർവകലാശാലാ അധികൃതരുടേയും വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സർവകലാശാലാ കവാടത്തിൽ വിദ്യാർത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസവും തുടരുകയാണ്.