കോട്ടയം മെഡിക്കൽ കോളേജ് 
KERALA

''ചോദ്യം ചോദിച്ചയാളെ ഞാന്‍ അവഹേളിച്ചെന്ന് വരുത്തിയാല്‍ പണം കിട്ടും''; മെഡിക്കല്‍ കോളേജ് ഉപകരണക്ഷാമത്തിൽ മാധ്യമങ്ങളെ പഴിച്ച് സുരേഷ് ഗോപി

ഡോ. ഹാരിസ് വിഷയം വന്നപ്പോൾ അദ്ദേഹത്തെ ചവിട്ടിത്തേച്ചെന്നും സുരേഷ് ഗോപി വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

കോട്ടയം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഉപകരണക്ഷാമ പ്രതിസന്ധിയിൽ മാധ്യമങ്ങളെ പഴിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ചോദ്യം ചോദിച്ച ആളെ താൻ അവഹേളിച്ചു എന്ന് വരുത്തിയാൽ മെഡിക്കൽ കോളേജിന് പണം കിട്ടുമെന്നാണ് സുരേഷ് ഗോപിയുടെ പരിഹാസം. ഡോ. ഹാരിസ് വിഷയം വന്നപ്പോൾ അദ്ദേഹത്തെ ചവിട്ടിത്തേച്ചെന്നും സുരേഷ് ഗോപി വിമർശിച്ചു.

ഇതിന് മുൻപ് മെഡിക്കൽ കോളേജ് പ്രതിസന്ധി വന്നപ്പോൾ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പണം നൽകിയെന്ന് സുരേഷ് ഗോപി പറയുന്നു. ഡബിൾ എഞ്ചിൻ സർക്കാർ കേരളത്തിൽ വന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇത് വാഗ്ദാനം അല്ല ഉറപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ പ്രതിസന്ധി മൂർച്ഛിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു. നാല് കോടിയിലധികം രൂപ വരുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഉപകരണങ്ങൾ തിരിച്ചെടുക്കാൻ നീക്കമുണ്ട്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിന് കുടിശിക അടയ്ക്കാൻ പത്ത് ദിവസത്തെ സാവകാശം നൽകി. സൗജന്യ ചികിത്സയുടെ ഭാഗമായാണ് പ്രതിസന്ധി ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

2024 മെയ്​ മുതലുള്ള 158 കോടിയിൽ 28 കോടി രൂപ മാത്രമാണ്​ നൽകിയതെന്നാണ്​ വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശികയിൽ രണ്ടുമാസത്തെ തുക നൽകി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ വിതരണം നിർത്തി​. കഴിഞ്ഞ 14 മാസത്തിനിടെ മാത്രം 117.34 കോടി രൂപയുടെ കുടിശിക ഉണ്ടായതായി വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് അറിയിച്ചു.

SCROLL FOR NEXT