കോട്ടയം: മെഡിക്കൽ കൊളേജുകളിൽ ശസ്ത്രക്രിയ പ്രതിസന്ധി മൂർച്ഛിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു. നാല് കോടിയിലധികം രൂപ വരുന്ന ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഉപകരണങ്ങൾ തിരിച്ചെടുക്കാൻ നീക്കമുണ്ട്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളsജിന് കുടിശിക അടയ്ക്കാൻ പത്ത് ദിവസത്തെ സാവകാശം നൽകി. സൗജന്യ ചികിത്സയുടെ ഭാഗമായാണ് പ്രതിസന്ധി ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
2024 മെയ് മുതലുള്ള 158 കോടിയിൽ 28 കോടി രൂപ മാത്രമാണ് നൽകിയതെന്നാണ് വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശികയിൽ രണ്ടുമാസത്തെ തുക നൽകി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ വിതരണം നിർത്തി. കഴിഞ്ഞ 14 മാസത്തിനിടെ മാത്രം 117.34 കോടി രൂപയുടെ കുടിശിക ഉണ്ടായതായി വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് അറിയിച്ചു.