KERALA

"നിതിൻ രാജിൻ്റെ മരണത്തിൽ ചില പൊരുത്തക്കേടുകളുണ്ട്"; നാളെ ഗവർണറെ കാണുമെന്ന് സുരേഷ് ഗോപി

മറ്റ് കാര്യങ്ങൾ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിച്ചിരുന്നുവെന്നും അന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.

"കുടുംബത്തെ ഇന്ന് നേരിൽ കണ്ടപ്പോൾ അവരുടെ കാര്യങ്ങളും പറഞ്ഞു. എന്നാൽ കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്. നാളെ ഗവർണറെ കാണും. കാര്യങ്ങൾ സംസാരിക്കും. അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നത്. മറ്റു കാര്യങ്ങൾ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും," സുരേഷ് ഗോപി പറഞ്ഞു. നിതിൻ രാജിൻ്റെ വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർ എം.കെ. റാം, ഡോക്ടർ സംഗീത എന്നിവരാണ് പ്രതികൾ. എസ്‌സി-എസ്‌ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. അന്വേഷണത്തിനായി ഏഴംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യാ എന്നതിൽ സംശയം ഇല്ല. ആത്മഹത്യാ പ്രേരണയാണ് അന്വേഷിക്കുന്നത്. നിധിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നു. കോളേജിലെ ടീച്ചറുടെ നമ്പർ ലോണിനായി കൊടുത്തു. നിതിനെ എടുത്ത ലോണും ആയി ബന്ധപ്പെട്ട് ടീച്ചർക്ക് നിരന്തരം കാൾ വന്നിട്ടുണ്ട്. ഇതുമൂലം ഉള്ള സമ്മർദവും ഉണ്ടായിട്ടുണ്ട്.

നിതിനെതിരെ ലോൺ ആപ്പുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. സംഭവത്തിൽ അധ്യാപിക പൊലീസിൽ പരാതി നൽകി. നിതിൻ അധ്യാപികയുടെ നമ്പർ ബോധപൂർവം നൽകിയതാണോ എന്നും ലോൺ ആപ്പ് ചോർത്തി എടുത്തത് ആണോ എന്നും അന്വേഷിക്കും. റാഗിങ് പരാതിയും അന്വേഷിക്കും. സഹപാഠികളുടെ മൊഴിയെടുക്കും. അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകും. നിതിന്റെ പുറത്തുവന്ന ശബ്ദ സന്ദേശം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

SCROLL FOR NEXT