എൽദോസ് കുന്നപ്പള്ളി 
KERALA

മൊഴിമാറ്റി അതിജീവിത: എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് വിസ്താരത്തിനിടെ മൊഴി

നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയിൽ വച്ചാണ് അതിജീവിത മൊഴി മാറ്റി പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റി അതിജീവിത. തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയിൽ പറഞ്ഞതായാണ് വിവരം. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയിൽ വെച്ചാണ് മൊഴി മാറ്റി പറഞ്ഞത്.

ഒന്നാം സാക്ഷി കൂടിയായ അതിജീവിതയെ വിസ്തരിക്കുന്നതിനിടെയാണ് എൽദോസിന് അനുകൂല മൊഴി നൽകിയത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറി. കോവളത്ത് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മൊഴിമാറ്റത്തിന് ശേഷം അതിജീവിത കുഴഞ്ഞുവീഴുകയും ചെയ്തു. നാളെ കേസ് വീണ്ടും പരിഗണിക്കും.

അതിജീവിതയെ എൽദോസ് കുന്നപ്പിള്ളി ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ചും ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ഇതിൻ്റെ പേരിലാണ് വധശ്രമക്കുറ്റം ചുമത്തിയത്. യുവതിയുമായി അഞ്ചു വര്‍ഷത്തെ പരിചയമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും ചെയ്ത കോവളം സിഐക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കേസ് കോവളം പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയ ശേഷം നല്‍കിയ മൊഴിയിലും പീഡനാരോപണത്തില്‍ യുവതി ഉറച്ച് നിന്നതോടെയാണ് ബലാത്സംഗക്കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 2022 സെപ്റ്റംബര്‍ 28-നാണ് പെരുമ്പാവൂര്‍ എംഎല്‍എയായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്.

പരാതി പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് എൽദോസ് വാഗ്ധാനം ചെയ്തിരുന്നുവെന്നും പിന്നീട് യുവതി വെളിപ്പെടുത്തിയിരുന്നു. പീഡന ആരോപണം നിലനിൽക്കുന്നതിനാൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ചിരുന്നു.

പെരുമ്പാവൂർ മണ്ഡലം മനോജ് മൂത്തേടന് നൽകിയതിനെതിരെ എൽദോസ് ദേശീയ നേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെരുമ്പാവൂരിലെ സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയത്.

SCROLL FOR NEXT