KERALA

നീതി ലഭിക്കണം; ഐസിയു പീഡനക്കേസ് പ്രതികളെ കോഴിക്കോട് മെഡി. കോളേജിൽ തിരികെ നിയമച്ചതിൽ പ്രതിഷേധവുമായി അതിജീവിത

സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് അതിജീവിത പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സ്ഥലം മാറ്റിയ ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച അതിജീവിതയെ അറസ്റ്റ് ചെയ്ത് നീക്കി. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് അതിജീവിത പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്. സ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചെടുത്തതിൽ കോളേജ് പ്രിൻസിപ്പലിനെ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും അതിജീവിത അറിയിച്ചിരുന്നു. തനിക്ക് നീതി വേണമെന്നും പ്രതികളെ പിരിച്ചു വിടണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

ബുധനാഴ്ചയാണ് അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചെടുത്തത്. അറ്റൻഡന്റർമാരായ എൻ.കെ. ആസിയ, ഷൈനി ജോസ്, പി.ഇ. ഷൈമ, വി. ഷലൂജ നഴ്സിങ് അസിസ്റ്റന്റ് പ്രസീത മാനോളി എന്നിവരാണ് തിരിച്ചെത്തിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഇവരെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു.

ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്. ഇവരെയാണ് കോഴിക്കോട് എംസിഎച്ച്, ഐഎംസിഎച്ച്, ചെസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി പുനര്‍നിയമിച്ചത്. 2023 മാർച്ച് 18ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുമ്പോൾ യുവതിയെ അറ്റൻഡന്ററായ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് പരാതി.

ശശീന്ദ്രനെ രക്ഷിക്കാന്‍ വേണ്ടി സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തി. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റിനും പൊലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്ന് പറയണമെന്നും ഇവര്‍ അതിജീവിതയെ നിര്‍ബന്ധിച്ചെന്നുമായിരുന്നു പരാതി. ഇതു സംബന്ധിച്ച് യുവതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

SCROLL FOR NEXT