കേരള സർവകലാശാല വിസി മോഹനന്‍‌ കുന്നുമ്മല്‍ Source: Screengrab/ News Malayalam 24x7
KERALA

"ഒത്തുതീർപ്പിനില്ല"; സർക്കാരിന്റെ സമവായത്തിന് വഴങ്ങാതെ വിസി മോഹനന്‍ കുന്നുമ്മല്‍

സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ഭരണ പ്രതിസന്ധിയില്‍ സർക്കാരിന്റെ സമവായ ശ്രമങ്ങള്‍ക്ക് വഴങ്ങാതെ വൈസ് ചാന്‍സലർ മോഹനൻ കുന്നുമ്മൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമായി കൂടിക്കാഴ്ച നടത്തിയ വിസി രജിസ്ട്രാറിന്റെ സസ്പെന്‍ഷനില്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് ആവശ്യപ്പെട്ടു. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് ഗവർണറോടുള്ള അനാദരവാണെന്ന നിലപാടിലാണ് വിസി. രജിസ്ട്രാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് അംഗീകരിക്കാതെ യാതൊരു ഒത്തുതീർപ്പ് വ്യവസ്ഥയും അംഗീകരിക്കില്ലെന്നും വൈസ് ചാൻസലർ മന്ത്രിയെ അറിയിച്ചു.

കേരള സർവകലാശാല വിസി-രജിസ്ട്രാർ പോരിൽ സമവായ ശ്രമത്തിനുള്ള നീക്കങ്ങളിലാണ് സർക്കാർ. പ്രശ്നപരിഹാര ചർച്ച നടത്തുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നു. മന്ത്രി ആർ. ബിന്ദു വൈസ് ചാന്‍സലറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

ഇന്നാണ്, 20 ദിവസങ്ങൾക്ക് ശേഷം വിസി മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയത്. രജിസ്ട്രാർ സസ്പെന്‍ഷന്‍ വിവാദത്തെ തുടർന്ന് കെട്ടിക്കിടക്കുന്ന ഫയലുകളിൽ വിസി ഒപ്പിട്ടു. പ്രതിഷേധവുമായി രംഗത്തുള്ള എസ്എഫ്ഐ വിസിയെ തടഞ്ഞില്ല.

SCROLL FOR NEXT