കേരള സർവകലാശാല വിസി-രജിസ്ട്രാർ പോരില്‍ സമവായത്തിന് സർക്കാർ; വിസിയെ വിളിച്ചു സംസാരിച്ചതായി മന്ത്രി ആർ. ബിന്ദു

വിസി സർട്ടിഫിക്കറ്റുകൾ അടക്കം ഒപ്പിട്ടുവെന്നും കുട്ടികൾക്ക് പ്രശ്നം ഉണ്ടാവരുതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു
വിസി മോഹനന്‍ കുന്നുമ്മല്‍, ആർ. ബിന്ദു
വിസി മോഹനന്‍ കുന്നുമ്മല്‍, ആർ. ബിന്ദുSource: Screengrab/ News Malayalam 24x7
Published on

തിരുവനന്തപുരം: കേരള സർവകലാശാല വിസി-രജിസ്ട്രാർ പോരിൽ സമവായ ശ്രമവുമായി സർക്കാർ. പ്രശ്നപരിഹാര ചർച്ച നടക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. കേരള സർവകലാശാല വൈസ് ചാന്‍സലർ മോഹനൻ കുന്നുമ്മലിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ആവശ്യമെങ്കിൽ ഗവർണറുമായും സംസാരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വിസി സർട്ടിഫിക്കറ്റുകൾ അടക്കം ഒപ്പിട്ടുവെന്നും കുട്ടികൾക്ക് പ്രശ്നം ഉണ്ടാവരുതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. സങ്കീർണമായ പ്രശ്നമാണ്. അത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇപ്പോൾ ഇടപെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

വിസി മോഹനന്‍ കുന്നുമ്മല്‍, ആർ. ബിന്ദു
"അനിൽകുമാർ അയച്ച ഒരു ഫയലും പാസാക്കിയിട്ടില്ല, ഫയലുകൾ നോക്കുന്നത് ക്രിമിനൽ കുറ്റം"; രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടിയിൽ ഉറച്ച് വിസി

സർവകലാശാല വിഷയം സംസാരിക്കാനായി ഗവർണറെ കണ്ടിട്ടില്ലെന്നും നാളെ കാണുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. നിലവിലെ പ്രശ്നങ്ങൾ വലുതാക്കാൻ ഉദ്ദേശിക്കുന്നില്ല. കുട്ടികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നും ആർ. ബിന്ദു കൂട്ടിച്ചേർത്തു.

ഇന്നാണ്, 20 ദിവസങ്ങൾക്ക് ശേഷം വിസി മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയത്. രജിസ്ട്രാർ സസ്പെന്‍ഷന്‍ വിവാദത്തെ തുടർന്ന് കെട്ടിക്കിടക്കുന്ന ഫയലുകളിൽ വിസി ഒപ്പിട്ടു. പ്രതിഷേധവുമായി രംഗത്തുള്ള എസ്എഫ്ഐ വിസിയെ തടഞ്ഞില്ല.

അതേസമയം, രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരായ സസ്പെൻഷൻ നടപടിയിൽ ഉറച്ച് നില്‍ക്കുകയാണ് വിസി മോഹനൻ കുന്നുമ്മൽ. താല്‍ക്കാലിക വിസി പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ എടുത്ത സസ്പെന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനം നിലനില്‍ക്കില്ലെന്ന് മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. 1838 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു. ഇനി ഒരു ഡിഗ്രി സർട്ടിഫിക്കറ്റും ഒപ്പിടാനില്ല. 20 ദിവസം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല. മറ്റൊരു വി.സിക്ക് ചുമതലയുണ്ടായിരുന്നു. കലാപം ഉണ്ടാകുമ്പോൾ അതിൽ എണ്ണ ഒഴിക്കേണ്ടെന്ന് കരുതിയാണ് വരാതിരുന്നത്.തടയില്ലെന്ന വാക്കിൽ വിശ്വസിച്ചാണ് ഇന്ന് വന്നത്. തടയാത്തതിന് നന്ദിയുണ്ടെന്നും വിസി മോഹനൻ കുന്നുമ്മൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com