ചിത അടങ്ങും മുൻപ് ചില മാധ്യമങ്ങൾ വി.എസ്. അച്യുതാനന്ദനെ ആക്രമിക്കുന്നുവെന്ന് സിപിഐഎം നേതാവ് എം. സ്വരാജ്. വി.എസ്. ജീവിച്ചിരുന്നപ്പോൾ തന്നെ പറഞ്ഞവസാനിപ്പിച്ച വിവാദങ്ങളാണ് ഇപ്പോൾ കുത്തിപ്പൊക്കുന്നത്. വിഎസ് എന്ന രണ്ടക്ഷരത്തെ വിവാദത്തിൽ കുരുക്കിയിടാനാണ് ശ്രമിക്കുന്നതെന്നും എം. സ്വരാജ് പറഞ്ഞു. സിപിഐഎം ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയുടെ വി.എസ്. അച്യുതാനന്ദൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വിഭാഗീയതയുടെയും വിവേചനത്തിന്റെയും അടയാളമാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. മാധ്യമങ്ങളുടേത് കല്പിത കഥകളാണ്. ആരോഗ്യവാനായ കാലത്ത് വിഎസ് എല്ലാത്തിനും മറുപടി നൽകിയിട്ടുണ്ട്. ഇന്ന് വിഎസ് ജീവിച്ചിരിപ്പില്ല എന്ന ധൈര്യമാണ് മാധ്യമങ്ങൾക്ക്. നാട് ഇത് അംഗീകരിക്കില്ല. വിഎസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണം", എം. സ്വരാജ്.
വി.എസ്. അച്യുതാനന്ദൻ ലോകത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവാണെന്നും എം. സ്വരാജ് പറഞ്ഞു. ജീവിതത്തിൽ ഉടനീളം കമ്മ്യൂണിസ്റ്റ് രീതി അദ്ദേഹം അവലംബിച്ചു. കക്ഷി രാഷ്ട്രീയയത്തിന് അതീതമായി സ്നേഹം പിടിച്ചുപറ്റി. വിഎസ് ഉയർത്തിപ്പിടിച്ച തെളിമയാർന്ന രാഷ്ട്രീയം വരുംകാലവും പാർട്ടിയെ നയിക്കുമെന്നും എം. സ്വരാജ് പറഞ്ഞു.