പി.എസ്. പ്രശാന്ത് Source: News Malayalam 24x7
KERALA

സ്വർണപ്പാളി വിവാദം: എസ്ഐടി അന്വേഷണം സ്വാഗതം ചെയ്യുന്നു, കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടും: പി.എസ്. പ്രശാന്ത്

കോടതിയിൽ സമർപ്പിച്ച ഇടക്കാല വിജിലൻസ് റിപ്പോർട്ട് ബോർഡ് ചർച്ച ചെയ്യുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ദേവസ്വം ബോർഡും സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണ സംഘത്തെ നിയമിച്ചത്. കോടതിയിൽ സമർപ്പിച്ച ഇടക്കാല വിജിലൻസ് റിപ്പോർട്ട് ബോർഡ് ചർച്ച ചെയ്യുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. ആറ് ആഴ്ചകൾക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു. വിവാദങ്ങൾക്കിടെ ഇന്നും നാളെയും ദേവസ്വം ബോർഡ് യോഗം ചേരും.

ശബരിമല ദ്വാരപാലകശിൽപ്പത്തിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് ദേവസ്വം വിജിലൻസിന്റെ നിഗമനം. ചെന്നൈയിൽ എത്തിക്കുന്നതിന് മുമ്പ് സ്വർണം വേർതിരിച്ചെടുത്തെന്നാണ് നിഗമനം. സ്മാർട്ട് ക്രിയേഷനിൽ എത്തിക്കുമ്പോൾ സ്വർണത്തിൻ്റെ തരിമ്പ് പോലും ഉണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മോഷ്ടിച്ചെന്നാണ് സൂചന. സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നും സംശയമുണ്ട്. ചെമ്പെന്ന ഉത്തരവിറക്കിയതിന് പിന്നിൽ ഗൂഢാലോചന എന്ന കാര്യവും ദേവസ്വം വിജിലൻസ് പരിശോധിക്കും.

കഴിഞ്ഞ ദിവസമാണ് സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്. കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർേദശം നൽകിയിരുന്നു.

SCROLL FOR NEXT