KERALA

സിൻഡിക്കേറ്റ് യോഗങ്ങൾ ചേരുന്നില്ല, പ്രധാന ഫയലുകൾ കെട്ടികിടക്കുന്നു; എംജി സർവകലാശാലയിൽ ഭരണ പ്രതിസന്ധി

നാളെ നടക്കേണ്ടിയിരുന്ന സിൻഡിക്കേറ്റ് യോഗം കാരണങ്ങളില്ലാതെയാണ് ഡിസംബർ അഞ്ചിലേക്ക് മാറ്റിയതെന്ന് യുഡിഎഫ് സിൻഡിക്കേറ്റ് അംഗം തോമസ് കുരുവിള ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ഭരണം കടുത്ത പ്രതിസന്ധിയിലേക്ക്. സിൻഡിക്കേറ്റ് യോഗങ്ങൾ ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രധാനപ്പെട്ട ഫയലുകൾ ഉൾപ്പെടെ കെട്ടികിടക്കുന്നുവെന്ന് ആരോപണം. വി.സിയുടെ നടപടികൾക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി. നാളെ നടക്കേണ്ടിയിരുന്ന സിൻഡിക്കേറ്റ് യോഗം കാരണങ്ങളില്ലാതെയാണ് ഡിസംബർ അഞ്ചിലേക്ക് മാറ്റിയതെന്ന് യുഡിഎഫ് സിൻഡിക്കേറ്റ് അംഗം തോമസ് കുരുവിള ആരോപിച്ചു. വൈസ് ചാൻസലറുടെ നടപടിക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.

വിസി ഡി. മാവൂത്ത് ആർഎസ്എസിന്റെ താളത്തിന് തുള്ളുകയാണെന്നും തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും സർവകലാശാല സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വിസിയുടെ നടപടികൾ പരീക്ഷകളെ പോലും ബാധിച്ചെന്നും, ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെ ദുരിതത്തിലെന്നും സർവകലാശാല യൂണിയൻ ചെയർമാനും പ്രതികരിച്ചു. അതേസമയം ഭരണപ്രതിസന്ധിയില്ലെന്നും, രണ്ടുമാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് ചേരണമെന്ന നിയമത്തിൽ വി സിക്ക് വിവേചനാധികാരം ഉപയോഗിക്കാൻ അനുമതിയുണ്ടെന്നും വിസി ഡി. മാവൂത്ത് പറഞ്ഞു.

SCROLL FOR NEXT