KERALA

ആളിക്കത്തി സീറോ- മലബാര്‍ സഭ കുര്‍ബാന തര്‍ക്കം; പാംപ്ലാനിയുടെ രാജി ആവശ്യപ്പെട്ട് ബിഷപ്പ് ഹൗസ് ഉപരോധിച്ച് സിനഡ് അനുകൂലികള്‍

ബസലിക്ക വികാരിയായിരുന്ന ഫാ. വര്‍ഗീസ് മണവാളനെ പൗരോഹിത്യത്തില്‍ നിന്ന് നീക്കണമെന്ന സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഉത്തരവ് മാര്‍ പാംപ്ലാനി നടപ്പാക്കാതെ വന്നതോടെയാണ് വീണ്ടും പ്രശ്‌നം ആരംഭിക്കുന്നത്.

Author : അനിൽ ജോർജ്

സീറോ-മലബാര്‍ സഭയില്‍ കുര്‍ബാന തര്‍ക്കം ആളി കത്തുന്നു. ഈ മാസം 18 മുതല്‍ നടക്കുന്ന നിര്‍ണായക സിനഡിന് മുന്‍പ് സഭാ കോടതികളെ മുന്‍ നിര്‍ത്തി ഇരുപക്ഷവും പോരടിക്കുകയാണ്. തനിക്കെതിരെയുള്ള സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ കോതിയെ സമീപിച്ച മാര്‍ പാംപ്ലാനിക്ക് തിരിച്ചടി നേരിട്ടു.

പാംപ്ലാനിക്ക് അനുകൂലമായി നല്‍കിയ സീറോ-മലബാര്‍ സഭ സിനഡ് കോടതി ഉത്തരവ് സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ തിരുത്തിച്ചു. മാര്‍ പാംപ്ലാനിയുടെ രാജി ആവശ്യപ്പെട്ട് സിനഡ് അനുകൂലികള്‍ രാത്രിയും ബിഷപ്പ് ഹൗസ് ഉപരോധിച്ചു. ജനാഭിമുഖ കുര്‍ബാനക്കായി അല്‍മായ സിനഡ് വിളിച്ച് വിമത വിഭാഗം. ഇതിനിടെ സ്‌പെഷ്യല്‍ കോടതി അംഗം ഫാ. ഗര്‍വാവസിസ് രാജി വെച്ചു.

ശാന്തമായ കുര്‍ബാന തര്‍ക്കം വീണ്ടും തെരുവിലേക്ക് നീങ്ങുകയാണ്. ബസലിക്ക വികാരിയായിരുന്ന ഫാ. വര്‍ഗീസ് മണവാളനെ പൗരോഹിത്യത്തില്‍ നിന്ന് നീക്കണമെന്ന സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഉത്തരവ് മാര്‍ പാംപ്ലാനി നടപ്പാക്കാതെ വന്നതോടെയാണ് വീണ്ടും പ്രശ്‌നം ആരംഭിക്കുന്നത്. ഇതോടെ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ മാര്‍ പാംപ്ലാനിക്കെതിരെ നടപടിക്കൊരുങ്ങി.

ഈ മാസം 18 ന് ആരംഭിക്കുന്ന സിനഡില്‍ ട്രൈബ്യൂണല്‍ ഉത്തരവ്-നിലനിന്നാല്‍ സിനഡ് സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറാള്‍ എന്നീ സ്ഥാനങ്ങള്‍ മാര്‍ പാംപ്ലാനിക്ക് ഒഴിയേണ്ടി വരുമായിരുന്നു. ഇത് ഒഴിവാക്കാനാണ് സഭാസിനഡ് കോടതിയെ മാര്‍ പാംപ്ലാനി സമീപിച്ചത്.

പെര്‍മനന്റ് സിനഡ് അംഗവും കോട്ടയം അതിരൂപത മെത്രാപോലീത്തയുമായ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ ജഡ്ജിയായ കോടതി മാര്‍ പാംപ്ലാനിക്കെതിരായ നടപടികള്‍ നിര്‍ത്തി വെക്കാന്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇല്ലാത്ത അധികാരവുമായി ഇങ്ങോട്ട് വരേണ്ടന്നായിരുന്നു ആര്‍ച്ച്ബിഷപ്പ് മൂലക്കാട്ട് നയിക്കുന്ന സിനഡ് കോടതിയോട് ഫാ. പാമ്പാറ നയിക്കുന്ന സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ മറുപടി.

ഒപ്പം മാര്‍ പാംപ്ലാനിക്ക് അനുകൂലമായി ഇറക്കിയ ഉത്തരവ് പിന്‍വലിക്കാനും സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ സിനഡ് കോടതിയോട് ആവശ്യപ്പെട്ടു. ഒപ്പം വത്തിക്കാനെ സമീപിക്കുമെന്നും സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ നിലപാട് എടുത്തതോടെ സിനഡ് കോടതി പാംപ്ലാനി അനുകൂല ഉത്തരവ് പിന്‍വലിച്ചു. ഇതിനൊപ്പം പാംപ്ലാനിയുടെ രാജി ആവശ്യപ്പെട്ട് സിനഡ് അനുകൂലികള്‍ രാത്രിയിലും ബിഷപ്പ് ഹൗസ് ഉപരോധിച്ചു. ഇതോടെ സിനഡ് ദിവസം അടക്കം സീറോ-മലബാര്‍ സഭയില്‍ സംഘര്‍ഷം ഉറപ്പായി.

SCROLL FOR NEXT