കണ്ണൂർ: തളിപ്പറമ്പിലെ പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി കണ്ണൂർ സിപിഐഎമ്മിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുതിർന്ന നേതാവ് ടി.കെ.ഗോവിന്ദൻ സിപിഐഎം വിട്ടതായി പ്രഖ്യാപിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയാകാനാണ് ഗോവിന്ദന്റെ തീരുമാനം. പാർട്ടിയിലെ ഭൂരിപക്ഷ എതിർപ്പിനെ അവഗണിച്ചാണ് ശ്യാമളയെ സ്ഥാനാർഥി ആക്കിയത്. ശ്യാമള ജയിച്ചാൽ എംവി ഗോവിന്ദൻ തന്നെ നാലാമതും എംഎൽഎയെന്ന് ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
മാധ്യമങ്ങളോട് പ്രതികരിച്ച ടി.കെ. ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ചാണ് സംസാരിച്ചത്. ശൈലജ ടീച്ചറെ നാടുകടത്തി എം.വി. ഗോവിന്ദൻ സ്വന്തം ഭാര്യയെ മത്സരിപ്പിക്കുന്നു എന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. വ്യവസായി ആയിരുന്ന ആന്തൂർ സാജൻ്റെ ആത്മഹത്യയിൽ നിലപാട് എടുത്ത പി.ജയരാജനെ ഒതുക്കി എന്നും ആരോപണം ഉയർത്തിയിട്ടുണ്ട്. പി. പി. ദിവ്യയോടും പി. കെ. ശ്യാമളയോടും ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.
തളിപ്പറമ്പിൽ ശ്യാമളേയേക്കാൾ യോഗ്യയല്ലേ സുകന്യയെന്നും ടി.കെ. ഗോവിന്ദൻ ചോദിച്ചു. പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ജില്ലാ സെക്രറട്ടറിയേറ്റിൽ ചർച്ചയുണ്ടായി. ഭൂരിപക്ഷം അംഗങ്ങളും സ്ഥാനാർത്ഥിത്വത്തെ എതിർത്തു. ചിലർ മാത്രമാണ് അനുകൂലിച്ചത്. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും തെറ്റായ പ്രവണതയാണ് കാണുന്നത്. അനീതിക്കെതിരെ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും ഇനി ജനങ്ങൾ പാർട്ടിയെ തിരുത്തട്ടെയെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയിൽ അഴിമതി മൂടിവയ്ക്കുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെ ക്രൂശിക്കുന്നുവെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു. 60 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് ടി.കെ. ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്. ഇനി ജനങ്ങൾ പാർട്ടിയെ തിരുത്തട്ടെയെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുടെ പിന്തുണവേണ്ടെന്ന് പറഞ്ഞ ടി.കെ. ഗോവിന്ദൻ യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന സൂചനയാണ് നൽകിയത്.