സര്‍ഹാന്‍ ഷംസാന്‍ അല്‍ വിസ്വാബി, നിമിഷപ്രിയ   NEWS MALAYALAM 24X7
KERALA

EXCLUSIVE | നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്; മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നു: തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ്

തലാലിന്റെ സഹോദരന്‍ ഫത്താഹ് പുറത്തുവിടുന്ന വിവരങ്ങള്‍ ആധികാരികമല്ലെന്നും സര്‍ഹാന്‍ ഷംസാന്‍ വിസ്വാബി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ വാദങ്ങള്‍ തള്ളി തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെന്ന് വക്താവ് സര്‍ഹാന്‍ ഷംസാന്‍ അല്‍ വിസ്വാബി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

മതപണ്ഡിതന്മാരുടെ ഉന്നത ഇടപെടലിലൂടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെന്ന് സര്‍ഹാന്‍ ഷംസാന്‍ അല്‍ വിസ്വാബി അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നുണ്ടെന്നും തലാലിന്റെ സഹോദരന്‍ ഫത്താഹ് പുറത്തുവിടുന്ന വിവരങ്ങള്‍ ആധികാരികമല്ലെന്നും സര്‍ഹാന്‍ ഷംസാന്‍ വിസ്വാബി പറഞ്ഞു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ വാദം. കാന്തപുരവും ശൈഖ് ഹബീബ് ഉമര്‍ എന്നിവരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അബ്ദുല്‍ ഫത്താഹ് അവകാശപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫത്താഹിന്റെ അവകാശവാദങ്ങള്‍.

നിമിഷ പ്രിയയുടെ മോചനത്തില്‍ തനിക്ക് യാതൊരു ക്രെഡിറ്റും വേണ്ടെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില ആള്‍ക്കാര്‍ ക്രെഡിറ്റ് സമ്പാദിക്കാന്‍ വേണ്ടി എന്തൊക്കെയോ പറഞ്ഞുവെന്നും തനിക്ക് ആ ക്രെഡിറ്റ് വേണ്ടെന്നുമായിരുന്നു പാലക്കാട് നടന്ന എസ്എസ്എഫ് സാഹിത്യോത്സവത്തിന്റെ സമാപന ചടങ്ങില്‍ അദ്ദേഹം പറഞ്ഞത്. മോചനത്തിനായി യെമനിലെ സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹാഫിള് വഴി ഇടപെട്ടിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

തലാലിന്റെ മരണത്തില്‍ ക്വിസാസ് (നീതി) മാത്രമാണ് ആവശ്യമെന്നും മധ്യസ്ഥ ശ്രമങ്ങളോട് വഴങ്ങില്ലെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തലാലിന്റെ സഹോദരന്‍ പറഞ്ഞിരുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി ഫത്താഹ് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

SCROLL FOR NEXT