
പാലക്കാട്: നിമിഷ പ്രിയ കേസിൽ തനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ചില ആൾക്കാർ ക്രെഡിറ്റ് സമ്പാദിക്കാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞുവെന്നും തനിക്ക് ആ ക്രെഡിറ്റ് വേണ്ടെന്നും കാന്തപുരം പറഞ്ഞു. പാലക്കാട് നടന്ന എസ്എസ്എഫ് സാഹിത്യോത്സവത്തിൻ്റെ സമാപന ചടങ്ങിലായിരുന്നു കാന്തപുരത്തിൻ്റെ ഈ പരാമർശം.
"നിമിഷ പ്രിയയുടെ കേസിൽ ഇടപ്പെട്ടപ്പോൾ നല്ലവരായ ആൾക്കാർ അതിനെ സ്വാഗതം ചെയ്തു. ചില ആൾക്കാർ ക്രെഡിറ്റ് സമ്പാദിക്കാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞു. എനിക്ക് ക്രെഡിറ്റ് വേണ്ട. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നതിന്റെ കുറച്ച് ദിവസം മുമ്പാണ് ഈ വിഷയം ശ്രദ്ധയിൽപ്പെടുന്നത്. വധശിക്ഷ നീട്ടിവെക്കാൻ യെമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹാഫിള് വഴി ഇടപെട്ടിരുന്നു," കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.
അതേസമയം, അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. "നിമിഷ പ്രിയ കേസിലെ ശിക്ഷയുടെയും മാപ്പ് നൽകുന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരണം. അനന്തരാവകാശികളുമായുള്ള ചർച്ചകളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ," കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.