സുപ്രീം കോടതി 
KERALA

താല്‍കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി, നിയമനം സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം; സുപ്രീം കോടതി വിധി പകര്‍പ്പ്

''സാങ്കേതിക സര്‍വകലാശാല നിയമം സെഷന്‍ 13 (7) , ഡിജിറ്റല്‍ സര്‍വ്വകലാശാല നിയമം 11 (10) എന്നിവ പ്രകാരമേ താല്‍കാലിക വൈസ് ചാന്‍സിലന്‍മാരെ നിയമിക്കാവൂ''

Author : ന്യൂസ് ഡെസ്ക്

താല്‍ക്കാലിക വിസി നിയമനത്തില്‍ സുപ്രീം കോടതി വിധി പകര്‍പ്പ് പുറത്ത്. ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടിയാണ് വിധി പകര്‍പ്പിലുള്ളത്. നിയമനം നടത്തേണ്ടത് സര്‍വകലാശാല നിയമ പ്രകാരമെന്ന് സുപ്രീം കോടതി പറയുന്നു.

സാങ്കേതിക സര്‍വ്വകലാശാലയിലും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലേയും നിയമനങ്ങളില്‍ ആണ് ഗവര്‍ണര്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം താല്‍ക്കാലിക വിസി നിയമനം എന്നും സുപ്രീം കോടതി വിധിയില്‍പറയുന്നു.

സാങ്കേതിക സര്‍വകലാശാല നിയമം സെഷന്‍ 13 (7) , ഡിജിറ്റല്‍ സര്‍വ്വകലാശാല നിയമം 11 (10) എന്നിവ പ്രകാരമേ താല്‍കാലിക വൈസ് ചാന്‍സിലന്‍മാരെ നിയമിക്കാവൂ. താല്‍ക്കാലിക വിസി നിയമനത്തിന് പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ആറ് മാസത്തില്‍ കൂടുതല്‍ താല്‍ക്കാലിക വിസി നിയമനം പാടില്ലെന്നും പുതിയ വിസിയെ സാങ്കേതിക സര്‍വകലാശാലയില്‍ നിയമിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നത്. സ്ഥിരം വിസി നിയമനത്തിന് യോജിച്ച് പ്രവര്‍ത്തിക്കണം. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇതിന് തുടക്കം കുറിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

സാങ്കേതിക സര്‍വകലാശാലയിലേയും ഡിജിറ്റല്‍ സര്‍വകലാശാലയിലേയും താല്‍ക്കാലിക വിസിമാരെ പുറത്താക്കി കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കാമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ ഗവര്‍ണര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെക്കുന്നതായിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെയും ഉത്തരവ്. ഇതോടെ താല്‍ക്കാലിക വിസിമാര്‍ പുറത്താവുമെന്ന സ്ഥിതി വന്നു.

താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടരുത്. വിസിമാര്‍ക്ക് സര്‍വകലാശാലകളില്‍ സുപ്രധാന പങ്കുണ്ട്, വിസിമാര്‍ സര്‍വകലാശാല താല്‍പര്യം സംരക്ഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുന്നതാണ് സുപ്രീം കോടതിയുടെയും ഉത്തരവ്.

SCROLL FOR NEXT