KERALA

സർവം മായം ! കറിപ്പൊടിയിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കൾ; ലാബ് റിപ്പോർട്ട് പുറത്ത്

2021 മുതൽ 2026 ഒക്ടോബർ വരെ എറണാകുളം കാക്കനാട്ടെ റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് പുറത്ത് വന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്. 2021 മുതൽ 2026 ഒക്ടോബർ വരെ എറണാകുളം കാക്കനാട്ടെ റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് പുറത്ത് വന്നത്. എന്നാൽ ഏതെല്ലാം ബ്രാൻഡിൻ്റെ ഉൽപന്നങ്ങളിലാണ് രാസവസ്തുക്കൾ ഉള്ളത് എന്നതിനെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. പരിശോധനയ്ക്കായി ലാബിലെത്തുന്ന സാമ്പിളുകളിൽ നിന്ന് ബ്രാൻഡ് വിവരങ്ങൾ മറച്ചുവെക്കുന്നതാണ് ഇതിന് കാരണം.

നമ്മൾ ഒരോരുത്തരും ദിവസവും ഉപയോഗിക്കുന്ന കറിപൌഡറുകളിലും വെളിച്ചെണ്ണയിലുമാണ് വിഷ രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 2021 ജനുവരി 1 മുതൽ 2026 ഒക്ടോബർ 31 വരെ നടത്തിയ പരിശോധനകളുടെ ഫലമാണിത്.വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എന്നാൽ പരിശോധനയിൽ വിഷാംശം കണ്ടെത്തിയ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് പേരുകളോ നിർമാതാക്കളുടെ വിവരങ്ങളോ ലാബിന്റെ മറുപടിയിൽ ഇല്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സാമ്പിളുകൾ ലാബിലേക്ക് അയയ്ക്കുമ്പോൾ ലേബൽ വിവരങ്ങൾ മറച്ചുവെച്ചാണ് നൽകുന്നത് എന്നാണ് ഇതിനുള്ള വിശദീകരണം.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ടും അനുബന്ധ ചട്ടങ്ങളും പ്രകാരമാണ് ഈ നടപടിയെന്നും മറുപടിയിൽ പറയുന്നു. കറിപ്പൗഡർ പരിശോധനയ്ക്ക് കുറഞ്ഞത് 500 ഗ്രാമും വെളിച്ചെണ്ണയ്ക്ക് 400 ഗ്രാമുമാണ് സാമ്പിൾ നൽകേണ്ടത്. 2021ൽ ഒരു സാമ്പിളിന്റെ പരിശോധനയ്ക്ക് 2,124 രൂപയായിരുന്ന ഫീസ്. എന്നാൽ 2024 സെപ്റ്റംബർ മുതൽ ഇത് നാലിരട്ടിയായി വർധിച്ചു. ജനറൽ പാരാമീറ്റേഴ്സ്, അഡൾട്ടറന്റ്സ്, ഹെവി മെറ്റൽസ്, ക്രോപ്പ് കണ്ടാമിനന്റ്സ്, നോട്ട്സ്, അഡിറ്റീവുകൾ എന്നിവയ്ക്ക് 10,000 രൂപയും, പെസ്റ്റിസൈഡ് റെസിഡ്യൂ, മൈക്രോബയോളജി പരിശോധനകൾ തുടങ്ങിയവയ്ക്ക് 12,000 രൂപയുമാണ് നിരക്ക്. ഇതോടെ വാങ്ങുന്ന വസ്തുക്കളിൽ അപാകത തോന്നിയാലും ഇത് പരിശോധിക്കാൻ വേണ്ടി വരുന്ന തുക സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള സാമ്പിളുകളാണ് കാക്കനാട്ടെ ഈ ലബോറട്ടറിയുടെ പരിധിയിൽ പരിശോധനയ്ക്കെത്തുന്നത്.2021 ജനുവരി മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ ലബോറട്ടറിക്ക് ലഭിച്ച ആകെ പരിശോധനാ ഫീസ് ഒരു കോടി 92 ലക്ഷത്തിലധികം രൂപയാണ്.എന്നാൽ കറിപ്പൗഡറുകളുടെയും വെളിച്ചെണ്ണയുടെയും മാത്രം പരിശോധനയ്ക്കായി ലഭിച്ച തുകയുടെ ക്രോഡീകരിച്ച കണക്ക് ലഭ്യമല്ലെന്നും ആടിഐ മറുപടി വ്യക്തമാക്കുന്നു.

SCROLL FOR NEXT