തിരുവനന്തപുരം: സിജെപി ആഹ്വാനം ചെയ്ത ജന്തർമന്തർ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അറപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തിയ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെ തന്നെ തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.
അതേസമയം അധിക്ഷേപ പരാമർശമുള്ള വീഡിയോ ടി.ജി. മോഹൻദാസിൻ്റെ ഫോണിൽ നിന്ന് കണ്ടെടുത്തു. പ്രതിയുടെ മട്ടാഞ്ചേരിയിലുള്ള വീട്ടിൽ നിന്ന് ഇന്നലെ പൊലീസ് പിടിച്ചെടുത്ത ഫോണിൽ നിന്നാണ് ഈ വീഡിയോ കണ്ടെത്തിയത്. അന്വേഷണവുമായി ടി.ജി. മോഹൻദാസ് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
ജൂലൈ 29നാണ് പൊലീസ് ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തത്. സമരത്തെ പിന്തുണച്ച പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നും സിജെപി പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്നും തുടങ്ങിയ കേട്ടാലറയ്ക്കുന്ന പരാമർശമാണ് ഈ സംഘപരിവാർ അനുഭാവി നടത്തിയത്. അതേസമയം, പൊലീസ് നടപടി എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും യുഡിഎഫ് സർക്കാരിനോട് ചോദിച്ചു.