നിമിഷ പ്രിയ, കൊല്ലപ്പെട്ട തലാൽ Source: News Malayalam24x7
KERALA

''നിമിഷപ്രിയയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല''; മോചന ശ്രമങ്ങള്‍ക്കിടെ തലാലിന്റെ കുടുംബം

"ദൈവത്തിന്റെ നിയമ പ്രകാരമുള്ള ഖ്വിസാസില്‍ (ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ) ആണ് വിശ്വസിക്കുന്നത്, മറ്റൊന്നും ആവശ്യമില്ല"

Author : ന്യൂസ് ഡെസ്ക്

നിമിഷ പ്രിയയ്ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് സജീവ ഇടപെടലുകള്‍ തുടരുന്നതിനിടെയാണ് കുടുംബത്തിന്റെ പ്രതികരണം. നിമിഷ പ്രിയയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞതായി ബിബിസി അറബിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

'വധശിക്ഷ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ തീരുമാനം വ്യക്തമാണ്. ദൈവത്തിന്റെ നിയമ പ്രകാരമുള്ള ഖ്വിസാസില്‍ (ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ) ആണ് വിശ്വസിക്കുന്നത്. മറ്റൊന്നും ആവശ്യമില്ല,' തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി പറഞ്ഞതായി ബിബിസി അറബിക് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ചയാണ് മഹ്ദി ബിബിസിയോട് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. തന്റെ കുടുംബം ഹീനമായ ഒരു കുറ്റ കൃത്യത്തിലൂടെ മാത്രമല്ല, തളര്‍ന്നു പോകുന്ന നിയമ പ്രക്രിയകളിലൂടെയും കടന്നു പോയി. സത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും മഹ്ദി പറഞ്ഞു.

'സത്യത്തെ മറയ്ക്കാനുള്ള സ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു. പ്രത്യേകിച്ചും ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രതിയെ ഇരയായി വരച്ചുകാട്ടാന്‍ ശ്രമിക്കുകയും കുറ്റകൃത്യത്തെ ന്യായീകിരക്കുകയും ചെയ്യുന്നു,' കുടുംബം പറഞ്ഞു.

ഒരു തര്‍ക്കം, അത് എത്ര വലുതായാലും അതിന്റെ കാരണം എന്തുതന്നെയായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നില്ലെന്നും കുടുംബം ആരോപിച്ചു.

ജൂണ്‍ 16നായിരുന്നു നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് മതപണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ യെമനിലെ മതപണ്ഡിതന്മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വധശിക്ഷ മാറ്റി വെച്ചുകൊണ്ടുള്ള കോടതി ഉത്തരവ് പുറത്തുവരികയായിരുന്നു.

ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷയെ വിട്ടു കിട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചര്‍ച്ചകള്‍ ഇനിയുമുണ്ടാകുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT