"വാട്ടർമാർക്ക് നൽകിയത് മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാതിരിക്കാൻ"; കാന്തപുരത്തിന്റെ ഇടപെടലിൽ സംശയമുന്നയിച്ചവർക്ക് മറുപടിയുമായി സുപ്രീംകോടതി അഭിഭാഷകൻ

ഗ്രാൻഡ് മുഫ്തിയുടെ വാട്ടർമാർക്ക് കണ്ടതോടെ, വിധിപകർപ്പിൻ്റെ ആധികാരികതയിൽ ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു
KR Subhash Chandran FB post, Nimisha Priya, Kanthapuram Aboobakkar Musliar
കാന്തപുരം അബൂബക്കർ മുസ്ലിയാർ, നിമിഷപ്രിയ, കെ. ആർ. സുഭാഷ് ചന്ദ്രൻSource: Facebook/ Subhash Chandran K R
Published on

കൊച്ചി: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ എത്തിയ അവകാശവാദങ്ങളിലും സംശയങ്ങളിലും വ്യക്തത വരുത്തി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസറും സുപ്രീംകോടതി അഭിഭാഷകനുമായ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ തന്നെയാണ് വധശിക്ഷ മരവിപ്പിക്കലിന് പിന്നിലെന്ന് കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ചാനലുകളിൽ വാട്ടർമാർക്ക് വെയ്ക്കുന്ന തരത്തിലാണ് ഉത്തരവിൽ 'ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യയുടെ' വാട്ടർമാർക്ക് നൽകിയതെന്നും കെ. ആർ. സുഭാഷ് ചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിഷയത്തിൽ അവകാശവാദവുമായി ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറടക്കം രംഗത്തെത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതി അഭിഭാഷകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഗ്രാൻഡ് മുഫ്തിയുടെ വാട്ടർമാർക്ക് കണ്ടതോടെ, വിധിപകർപ്പിൻ്റെ ആധികാരികതയിൽ ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉത്തരവ് മറ്റുള്ളവർ പുറത്തെടുത്ത് അവകാശവാദം ഉന്നയിക്കാതിരിക്കാനാണ് വാട്ടർമാർക്ക് നൽകിയതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

KR Subhash Chandran FB post, Nimisha Priya, Kanthapuram Aboobakkar Musliar
"ദിയാധനം വാങ്ങാന്‍ ബന്ധുക്കള്‍ സമ്മതിക്കുമ്പോള്‍ മതപണ്ഡിതനെ വാഴ്ത്താം"; നിമിഷപ്രിയയുടെ മോചനത്തിൽ അവകാശവാദവുമായി ഗവർണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

തിയ്യതിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിലും കെ. ആർ. സുഭാഷ് ചന്ദ്രൻ വിശദീകരണം നൽകി. വിവരം നേരത്തെ ലഭിച്ചിരുന്നെന്നും, രേഖാമൂലമുള്ള വിധിപകർപ്പിനായി കാന്തപുരം കാത്തിരിക്കുകയായിരുന്നെന്നും അഭിഭാഷകൻ്റെ കുറിപ്പിൽ പറയുന്നു. "മലയാള മാധ്യമങ്ങൾക്ക് അറബി തിയ്യതി വായിക്കാൻ അറിയില്ലല്ലോ എന്നുകരുതി, ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നൽകി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് സംസാരം. ശുഭ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ വാക്കാൽ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തിൽ ഒഫീഷ്യൽ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്," കെ. ആർ. സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി.

"ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകൾക്ക് നടത്താൻ പരിമിതികളുള്ള ഒരു കാര്യത്തിൽ കുടുംബവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള നിർണായക ഇടപെടൽ ഉസ്താദ് നടത്തുമ്പോൾ അതിൽ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'ഇത് മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലാണ്," ഇങ്ങനെ കുറിച്ചാണ് കെ. ആർ. സുഭാഷ് ചന്ദ്രൻ്റെൻ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യമനില്‍ ഇന്നും തുടരും. നോര്‍ത്ത് യമനിലെ ദമാറില്‍ നടക്കുന്ന ചര്‍ച്ചയില്‍ തലാലിന്റെ കുടുംബാംഗങ്ങളും, ഭരണകൂട പ്രതിനിധികളും പങ്കെടുക്കും. ദിയാധനം സ്വീകരിക്കുന്ന കാര്യത്തില്‍, അത് എത്രയാണ് എന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാവാനും സാധ്യത.കാന്തപുരം യമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമ്മറിന്റെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മധ്യസ്ഥ വഹിക്കുന്ന ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധികള്‍ ദമാറില്‍ തന്നെ തുടരുകയാണ്.

KR Subhash Chandran FB post, Nimisha Priya, Kanthapuram Aboobakkar Musliar
ദിയാധനത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും; നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ച തുടരും

കെ. ആർ. സുഭാഷ് ചന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട- യമൻ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ക്രിമിനൽ കോടതി എക്സിക്യൂട്ടീവ് ഓഫീസർ റിസ്‌വാൻ അഹമ്മദ് അൽ-വജ്റ, ക്രിമിനൽ കോർട് പ്രോസിക്യൂട്ടർ സ്വാരിമുദീൻ മുഫദ്ദൽ എന്നിവർ ഒപ്പിട്ട വിധിപ്പകർപ്പിന്റെ ആധികാരികതയിലാണ് ഇപ്പോൾ ചിലർക്ക് സംശയം. അതിൽ ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ എന്നൊക്കെയുണ്ടല്ലോ എന്നാണ് അതിൽ ഒന്ന്. ശിക്ഷ നീട്ടിവെച്ചു, എന്നാൽ കാന്തപുരം ഇടപെട്ടിട്ടില്ല എന്ന് അവസാന നിമിഷം വരെയും ഒരുകൂട്ടർ പറയുന്ന നേരത്ത് ആ നീട്ടിവെച്ചതിന്റെ വിധിപ്പകർപ്പിതാ കയ്യിൽ കിട്ടിയിരിക്കുന്നു, അത് ഉസ്താദ് മുഖേന തന്നെ സാധ്യമായതാണ് എന്ന് പറയാൻ അതിൽ 'ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യയുടെ' വാട്ടർമാർക്ക് നൽകേണ്ടതുണ്ടായിരുന്നു. അല്ലെങ്കിൽ ഉസ്താദിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടാലും മറ്റുള്ളവർ അതെടുത്ത് തങ്ങൾക്കും കിട്ടിയല്ലോ എന്നുപറഞ്ഞു രംഗത്തുവരുമായിരുന്നു. ഒരു വാർത്ത/ദൃശ്യം തങ്ങൾ മുഖേനയാണ് ആദ്യം പുറത്തുവന്നത് എന്നുപറയാൻ ചാനലുകൾ അങ്ങനെ വാട്ടർമാർക്ക് നൽകുന്ന പതിവുള്ളത് എല്ലാവർക്കും അറിയാമല്ലോ.

(ഈ കോടതി തന്നെ ഇതേ കേസിന്റെ വിശദാംശങ്ങൾ ഈ മാസം ആറാം തിയ്യതി ഇതേ ലെറ്റർഹെഡിൽ പുറത്തുവിട്ടത് ഇതൊടൊപ്പം നൽകുന്നു. അതുകാണുമ്പോൾ ഈ കോടതി ഉത്തരവിന്റെ ആധികാരികത ബോധ്യപ്പെടും. വാട്ടർമാർക്ക് നേരത്തെ പറഞ്ഞ ഉദ്ദേശ്യത്തിൽ നൽകിയതാണെന്ന് ഓളമുള്ളവർക്ക് ബോധ്യപ്പെടും.)

മറ്റൊന്ന് തിയ്യതിയുമായി ബന്ധപ്പെട്ടാണ്. മലയാള മാധ്യമങ്ങൾക്ക് അറബി തിയ്യതി വായിക്കാൻ അറിയില്ലല്ലോ എന്നുകരുതി ഇന്നലത്തെ ഡേറ്റ് ഉള്ള ഉത്തരവ് നൽകി കാന്തപുരം പറ്റിച്ചു എന്നൊക്കെയാണ് ആ സംസാരം. ഇക്കാര്യത്തിൽ ഇന്നലെ എന്നല്ല, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഉസ്താദ് ഇടപെട്ടിട്ടുണ്ട് എന്ന് പലഘട്ടത്തിൽ പുറത്തുവന്ന കാര്യമാണല്ലോ. ശുഭ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ വാക്കാൽ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തിൽ ഒഫീഷ്യൽ ആയി ഉസ്താദിന്റെ ഓഫീസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാട്. അത് ഓരോ സമയത്തും ഇക്കാര്യം അന്വേഷിക്കുന്ന മാധ്യമ പ്രവർത്തകരെ അറിയിച്ചതുമാണ്. ഇന്നലെ രാത്രി വൈകിയും ചർച്ചകൾ നടക്കുന്ന കാര്യവും, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമീൻ ചർച്ചയിൽ ഇടപെടുകയും ശിക്ഷാ നടപടികൾ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും ഉടനെ തന്നെ കോടതിയെ സമീപിച്ച കാര്യവും അറിഞ്ഞിരുന്നു. രാത്രി വൈകിയുണ്ടായ വിധിയുടെ ഉത്തരവ് രേഖയാവാൻ എടുത്ത താമസമോ കയ്യിൽ ലഭിക്കാൻ വൈകിയതോ ഒക്കെ ഈ വിഷയത്തിൽ സംഭവിച്ചിരിക്കാം. (ഇന്റർനെറ്റ് സേവനങ്ങൾ വളരെ പരിമിതമായ രാജ്യത്തെ പ്രദേശങ്ങളിൽ നിന്ന് അയക്കുന്ന ഒരു മെസേജിന് റിപ്ലൈ നൽകിയാൽ വളരെ വൈകിയാണ് അവരത് കാണുന്നതും പ്രതികരിക്കുന്നതുമെന്നത് മറ്റൊരു കാര്യം).

ഇന്ന് രാവിലെ മുതൽ മാധ്യമങ്ങൾ ബന്ധപ്പെടുന്ന സമയത്തും ശുഭവാർത്തയുണ്ട്, രേഖ കയ്യിൽ ലഭിച്ചാൽ പ്രതികരിക്കും എന്ന് തന്നെയായിരുന്നു ഉത്തരം. അങ്ങനെ ലഭിച്ച അവസരത്തിലാണ് ഉസ്താദ് പ്രതികരിക്കുന്നതും. അപ്പോഴും ഡേറ്റ് ശ്രദ്ധയിലില്ലാത്തതോ, അല്ലെങ്കിൽ മലയാളികളെ പറ്റിക്കാം എന്നുകരുതിയോ അല്ല, കോടതിയിൽ കഴിഞ്ഞ ദിവസം തന്നെ ഇടപെടലുകൾ ഉണ്ടായെന്ന് പറഞ്ഞല്ലോ. അപ്പോൾ അത് ആ അർഥത്തിൽ തന്നെ സംഭവിച്ചതായേ മനസ്സിലാക്കുന്നുള്ളൂ.

ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകൾക്ക് നടത്താൻ പരിമിതികളുള്ള ഒരു കാര്യത്തിൽ കുടുംബവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള നിർണായക ഇടപെടൽ ഉസ്താദ് നടത്തുമ്പോൾ അതിൽ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ 'ഇത് മനുഷ്യർക്ക് വേണ്ടിയുള്ള ഇടപെടലാണ്'.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com