KERALA

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടേയും ജാമ്യം റദ്ദാക്കി; റിമാൻ‍ഡ് ചെയ്യാൻ ഉത്തരവ്

തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം തലശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. പ്രതികളെ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ആകാശ് തില്ലങ്കേരി അടക്കമുള്ള 17 പ്രതികളെ റിമാൻഡ് ചെയ്യാനാണ് കോടതിയുടെ നിർദേശം. പ്രതികള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടികൊണ്ടു പോകാനുള്ള പ്രതികളുടെ നീക്കമായാണ് ഇതിനെ കാണുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.

പ്രതികളുടെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ക്രോസ് വിസ്താരത്തിനു തയാറായില്ല. കേസ് നിലവിലെ കോടതിയില്‍നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതില്‍ നിന്ന് അഭിഭാഷകര്‍ വിട്ടു നിന്നത്. അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികള്‍ക്കുമെന്ന് കോടതി ചോദിച്ചപ്പോള്‍ അതെയെന്നു പ്രതികള്‍ മറുപടി നല്‍കി. ഇതോടെയാണ് കേസ് അനന്തമായി നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ്‌ ചെയ്യാന്‍ ഉത്തരവിട്ടത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു. മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

ഈ മാസം 18 മുതൽ ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. പ്രതികളെ ഇവർ തിരിച്ചറിഞ്ഞു. കൊലപാതക സമയത്ത് ശുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരിക്കേറ്റ ഇ. റിയാസിനെയാണ് കോടതി വിസ്തരിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി. ജൂണ്‍ 14 വരെ വിസ്താരം തുടരും

2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഐഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാൻ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരിക്കേറ്റിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്.

SCROLL FOR NEXT