KERALA

താമരശേരിയിലെ കൊലപാതകം: "യുവാവിനെ കുത്തിയത് ഭാര്യയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചതിനാല്‍"; പ്രതി അറസ്റ്റില്‍

ചാമുണ്ഡി സ്വദേശി ജിതിനെയാണ് ബിജു കുത്തിക്കൊലപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. നൂറാംതോട് സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഭാര്യയെക്കുറിച്ച് അപവാദപ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ബിജു ആക്രമണം അഴിച്ചുവിട്ടത്.

ചാമുണ്ഡി സ്വദേശി ജിതിനെയാണ് ബിജു കുത്തിക്കൊലപ്പെടുത്തിയത്. കുത്തേറ്റ സഹോദരന്‍ ജിബിന്‍, അയല്‍വാസി സുരേഷ് എന്നിവര്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് ബിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. വിദേശത്തായിരുന്ന ബിജു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. എന്നാല്‍ ഈ സമയം സഹോദരങ്ങളായ ജിതിനും ജിബിനും തന്റെ ഭാര്യയെക്കുറിച്ച് അപവാദ പ്രചരണം നടത്തിയെന്ന് അറിയുന്നത്.

ഭാര്യയെക്കുറിച്ച് മോശമായി പ്രചരിപ്പിച്ചത് സംബന്ധിച്ച് ചോദിക്കാനാണ് ഇരുവരെയും ബിജു തടഞ്ഞു നിര്‍ത്തിയത്. ഇരുവരുമായി വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് ജിതിനെ കുത്തിക്കൊലപ്പെടുത്തുന്നതിലേക്ക് എത്തി എന്നുമാണ് ബിജു പൊലീസിന് നല്‍കിയ മൊഴി.

അതേസമയം സംഭവത്തിനിടെ കുത്തേറ്റ അയല്‍വാസി സുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

SCROLL FOR NEXT