എറണാകുളം: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സാഹചര്യത്തിൽ ഇന്ന് കൊച്ചി നഗരത്തിൽ കുടിവെള്ള വിതരണം തടസപ്പെടും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിർത്തി വെക്കുന്നത്. കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കൊച്ചി നഗരസഭക്കും ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
നഗരത്തിൻ്റെ പ്രധാന ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് തമ്മനത്തെ ജലസംഭരണിയിൽ നിന്നായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു രണ്ട് കമ്പാർട്ട്മെൻ്റുകളുള്ള സംഭരണിയുടെ ആദ്യ കമ്പാർട്ട്മെൻറ് തകർന്നത്. ഇരു കമ്പാർട്ട്മെന്റുകളെയും തമ്മിൽ വേർതിരിച്ച ശേഷമേ പമ്പിംഗ് പുനഃസ്ഥാപിക്കാൻ കഴിയൂ. ഇതോടൊപ്പം രണ്ടാമത്തെ ടാങ്കിലെ ചോർച്ച കൂടി പരിഹരിക്കേണ്ടതുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലക്കാണ് ഇതിൻ്റെ ചുമതല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ചൊവ്വാഴ്ച വൈകീട്ടോടെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറച്ച ശേഷമേ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകൂ.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നത്. ജല അതോറിറ്റിയുടെ ടാങ്കാണ് തകർന്നത്. വീടുകളിൽ അടക്കം വെള്ളം ഇരച്ചു കയറുകയും വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. 1.35 കോടി ലിറ്ററോളം സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് തകർന്നത്. അപകടം സമയം 1.10 കോടി ലിറ്ററിന് അടുത്ത് വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു.