കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രിമാരുടെ സംഘടന ഹൈക്കോടതിയില്‍. അഖില തന്ത്രി പ്രചാരക് സഭയാണ് ഹൈക്കോടതിയെ സമീപിച്ചത്. വാജിവാഹനം തന്ത്രിക്ക് നല്‍കിയതില്‍ അസ്വഭാവിതകയില്ലെന്നാണ് വാദം. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും അഖില തന്ത്രി പ്രചാരക് സഭ ആരോപിക്കുന്നു.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് തന്ത്രി സഭയുടെ വാദം. നേരത്തെ തന്ത്രി കണ്ഠരര് രാജീവരര് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വാദവുമായി അഖില കേരള തന്ത്രിസമാജം ജോയിൻ്റ് സെക്രട്ടറി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് രംഗത്തെത്തിയിരുന്നു. മറ്റ് ചില പേരുകൾ ഉയർന്നപ്പോഴാണ് തന്ത്രിയുടെ അറസ്റ്റ് ഉണ്ടായതെന്നും സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി പരിഗണിക്കുകയാണ്. നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി കോടതിയിൽ സമർപ്പിച്ചു. സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലമടങ്ങിയ റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. അതേസമയം സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രിമാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.