മറൈന്‍ ഫിഷറീസ് സെന്‍സസിന് തുടക്കം Source: CMFRI PRO
KERALA

മറൈൻ ഫിഷറീസ് സെൻസസ്: രാജ്യവ്യാപക മത്സ്യഗ്രാമ വിവരസ്ഥിരീകരണത്തിന് തുടക്കം

മത്സ്യ​ഗ്രാമങ്ങളുടെ പുതുക്കിയ വിവരങ്ങൾ ശേഖരിച്ച് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന സമ​ഗ്രമായ ​ഗാർഹികതല കണക്കെടുപ്പിന് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അഞ്ചാമത് മറൈൻ ഫിഷറീസ് സെൻസസിന് തുടക്കമാകുന്നു. പ്രാരംഭ നടപടിയായി ഇന്ത്യയിലെ എല്ലാ മത്സ്യഗ്രാമങ്ങളിലെയും അടിസ്ഥാന വിവരങ്ങൾ നിജപ്പെടുത്തുന്നതിനുള്ള രാജ്യവ്യാപക ദൗത്യത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) വിവരസ്ഥിരീരികരണം നടത്തുന്നത്.

മത്സ്യ​ഗ്രാമങ്ങളുടെ പുതുക്കിയ വിവരങ്ങൾ ശേഖരിച്ച് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന സമ​ഗ്രമായ ​ഗാർഹികതല കണക്കെടുപ്പിന് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം. സിഎംഎഫ്ആർഐ, ഫിഷറി സർവേ ഓഫ് ഇന്ത്യ എന്നിവയിലെ നൂറിൽപ്പരം ഉദ്യോഗസ്ഥർ, രാജ്യത്തെ മുഴുവൻ സമുദ്രമത്സ്യഗ്രാമങ്ങളും സന്ദർശിച്ച് കഴിഞ്ഞകാല ഡേറ്റ നിലവിലെ അവസ്ഥ വെച്ച് സ്ഥിരീകരിക്കും. ഗ്രാമങ്ങളുടെ അതിർത്തികൾ ജിയോടാഗ് ചെയ്യുകയും ​ഗാർഹികതല കണക്കെടുപ്പിന് പുതുക്കിയ വിവരങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യും.

ഇതിനായി സിഎംഎഫ്ആർഐ വികസിപ്പിച്ച 'വ്യാസ്-നാവ്' എന്ന പ്രത്യേക ഓൺലൈൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയ്ക്ക് കീഴിലാണ് മറൈൻ സെൻസസ് നടക്കുന്നത്. സെൻസസ് നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് സിഎംഎഫ്ആർഐ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സംസ്ഥാന ഫിഷറീസ് വകുപ്പുമായും സഹകരിച്ചാണ് രണ്ടാഴ്ച നീളുന്ന വിവരസ്ഥിരീകരണം നടക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നവംബറിൽ ആരംഭിക്കുന്ന പ്രധാന സെൻസസിന് ​ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുക. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനവും പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ജില്ല-സംസ്ഥാന തലങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നവംബറിൽ ആരംഭിക്കുന്ന ​ഗാർഹികതല കണക്കെടുപ്പ് വിജയകരമാക്കുന്നതിന് മത്സ്യഗ്രാമങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള രൂപരേഖ അനിവാര്യമാണെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നീതുകുമാരി പ്രസാദ് വ്യക്തമാക്കി. വിവരസ്ഥീരീകരണത്തിനൊപ്പം, പ്രധാന സെൻസസ് പ്രവർത്തനങ്ങൾക്കുള്ള പ്രാദേശിക ​ എന്യൂമറേറ്റർമാരെ കണ്ടെത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ​​​ഗ്രിൻസൺ ജോർജും വ്യക്തമാക്കി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സാമ്പത്തിക നിലവാരം, ജീവനോപാധികൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് മറൈൻ സെൻസസിന്റെ ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാവശ്യമായ ഫലപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഈ വിവരങ്ങൾ അനിവാര്യമാണ്.

SCROLL FOR NEXT