KERALA

പൂരന​ഗരിയിൽ കാഴ്ച വസന്തം; 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനം നിർവഹിക്കും

Author : ലിൻ്റു ഗീത

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പൂരങ്ങളുടെ നാട്ടിൽ ഇന്ന് ആവേശത്തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിക്ക് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ജനുവരി 18 വരെ നീണ്ടുനില്‍ക്കുന്ന ഈ കലാമാമാങ്കത്തില്‍ 15,000-ത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 24 വേദികളിലായി ഇനിയുള്ള അഞ്ച് ദിവസം കേരളത്തിലെ കൗമാര പ്രതിഭകളുടെ മത്സരാവേശം കാണാം.

തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലാണ് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 9 മണിക്ക് പ്രധാന വേദിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തും. തൃശൂരിന്റെ തനത് പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പാണ്ടിമേളവും കുടമാറ്റവും ചടങ്ങിന് മാറ്റുകൂട്ടും. 64-ാം കലോത്സവത്തെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും.

പൂക്കളുടെ പേരുകള്‍ നല്‍കിയ 25 വേദികളിലായാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളകളിലൊന്നായ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുമ്പോള്‍ നഗരം വലിയൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ്.

SCROLL FOR NEXT