ഗൗരി ലക്ഷ്മി, വേടന്‍ 
KERALA

വേടന്റെ പാട്ട് ഒഴിവാക്കേണ്ട, വിദഗ്ധ സമിതി നിലപാട് തള്ളി കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ്; ഗൗരി ലക്ഷ്മിയുടെ പാട്ടും ഉൾപ്പെടുത്തണം

കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ സമർപ്പിച്ച റിപ്പോർട്ട് വസ്തുതാപരമല്ലെന്നാണ് വിമർശനം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ റാപ്പർ വേടന്റെയും ഗായിക ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബോർഡ് ഓഫ് സ്റ്റഡീസ്. കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ സമർപ്പിച്ച റിപ്പോർട്ട് വസ്തുതാപരമല്ലെന്നാണ് വിമർശനം. എം.എം. ബഷീറിന്റെ റിപ്പോർട്ടിൽ ആശയപരമായ തെറ്റുകളും നിരവധി അക്ഷര തെറ്റുകളുമുണ്ടെന്ന് പരിഹസിച്ചാണ് ബോർഡ് ഓഫീസ് സ്റ്റഡീസ് വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിയത്.

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ താരതമ്യ സാഹിത്യ പരിചയം എന്ന സിലബസിൽ നിന്നും ഭൂമി ഞാൻ വാഴുന്നിടം എന്ന വേടന്റെ റാപ്പും, ഗൗരി ലക്ഷ്മിയുടെ അജിതാ ഹരേ എന്ന പാട്ടും ഒഴിവാക്കണം എന്നായിരുന്നു വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. എന്നാൽ മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ സമർപ്പിച്ച റിപ്പോർട്ടിനെ ബോർഡ് ഓഫ് സ്റ്റഡീസ് നിശിതമായി വിമർശിക്കുന്നതിനൊപ്പം, റിപ്പോർട്ടിലെ അക്ഷര തെറ്റുകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി പരിഹസിക്കുകയും ചെയ്യുന്നു.

മൈക്കിൾ ജാക്സന്റെ They dont care about us എന്ന ഗാനവും വേടന്റെ "ഭൂമി ഞാൻ വാഴുന്നിടം" എന്ന ഗാനവുമാണ് താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വേടന്റേത്, സംഗീതത്തിന് പ്രാധാന്യമില്ലാത്ത വായ്ത്താരി മാത്രമാണെന്ന വാദം ഉയർത്തിയാണ് ഡോ. എം.എം. ബഷീർ പാട്ട് സിലബസിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തത്. എന്നാൽ ഇത് വസ്തുതാപരമായി ശരിയല്ലെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് വ്യക്തമാക്കുന്നു. ഗൗരി ലക്ഷ്മിയുടെ അജിതാ ഹരേ എന്ന ഗാനത്തെക്കുറിച്ച്

വിദഗ്ധ സമിതി തെറ്റായ രീതിയിലാണ് വിലയിരുത്തിയതെന്നും ബോർഡ് ഓഫ് സ്റ്റഡീസ് റിപ്പോർട്ട് ചെയ്യുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ഗൗരിലക്ഷ്മിയുടെ ദൃശ്യാവിഷ്ക്കാരത്തിന് ഭക്തിഭാവമില്ലെന്ന് പരാതിപ്പെട്ടിരുന്നു. എം.എം. ബഷീർ ഇതിനെ അംഗീകരിച്ചാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ സിലബസിലെ ഉള്ളടക്കം നിശ്ചയിക്കുന്നത് ഭക്തിഭാവം പരിശോധിച്ചിട്ടല്ലെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് പറയുന്നു.

മതാത്മക കാഴ്ചപ്പാടുകൾ ഒരു അക്കാദമിക് കമ്മറ്റിയുടെ പരിഗണനയിൽ വരാൻ പാടില്ലെന്നും വിമർശനമുണ്ട്. എം.എം. ബഷീറിന്റെ റിപ്പോർട്ടിലെ അക്ഷര തെറ്റുകളെക്കുറിച്ചും, വ്യാകരണ പിശകുകളെക്കുറിച്ചും റിപ്പോർട്ടിൽ വിശദമായ പരാമർശമുണ്ട്. വേടന്റെ റാപ്പും, ഗൗരീ ലക്ഷ്മിയുടെ ഗാനവും സിലബസിൽ ഉൾപ്പെടുത്തണമെന്ന വാദത്തിൽ ബോർഡ് ഓഫീസ് ഉറച്ചു നിന്നതോടെ, വൈസ് ചാൻസലർ അക്കാദമിക് കൗൺസിലിന്റെ അഭിപ്രായം തേടുമോ എന്നാണ് ഇനി അറിയേണ്ടത്

SCROLL FOR NEXT