കണ്ണൂർ: നിർമാണം തുടങ്ങി മൂന്ന് വർഷമായിട്ടും ആറളം ഫാമിലെ ആനമതിൽ പകുതി പോലും പൂർത്തിയാക്കാനായില്ല. ആകെ 70 കോടിയോളം രൂപ വകയിരുത്തിയിട്ടും പ്രദേശത്തെ ആനപ്പേടി ഇന്നും തുടരുകയാണ്. പുതിയ കരാറുകാർ നിർമാണം ആരംഭിച്ചെങ്കിലും കരിങ്കല്ലിന്റെ ലഭ്യതക്കുറവാണ് പുതിയ തടസം. മനുഷ്യന്റെ സ്വത്തിനും ജീവനും നേരെ പാഞ്ഞടുക്കുന്ന കാട്ടാനകൾക്ക് പ്രതിരോധം തീർക്കുകയായിരുന്നു ആനമതിലിന്റെ ലക്ഷ്യം. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയ ശേഷം വീണ്ടും തുക ഉയർത്തി നൽകിയാണ് ആദ്യം അന്തിമ കരാർ പ്രകാരം നിർമാണം ആരംഭിച്ചത്.
ആകെ നിർമിക്കേണ്ടിയിരുന്നത് 9.8 കിലോമീറ്റർ നീളത്തിലുള്ള കോൺക്രീറ്റ് മതിൽ. 38 കോടിയോളം രൂപയ്ക്ക് കരാർ നൽകി 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മതിലിൻ്റെ നിർമാണം മാത്രമാണ് പഴയ കരാറുകാർ പൂർത്തിയാക്കിയത്. പിന്നാലെ കരാർ റദ്ദ് ചെയ്തു. നിർമാണം പൂർണമായും നിലച്ചതോടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കർശന നിലപാട് സ്വീകരിച്ചു. ആറ് മാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പുനരാരംഭിച്ച പ്രവൃത്തി പക്ഷേ കരിങ്കല്ലിന്റെ ലഭ്യതക്കുറവിൻ്റെ പേരിൽ വീണ്ടും പ്രതിസന്ധിയിലിയായിരിക്കുകയാണ്.
ഇതിനിടെ നിർമാണത്തിനായി സ്ഥാപിച്ച കമ്പി കൂടുകൾ ആനകൾ ചവിട്ടി നശിപ്പിക്കുകയും ചെയ്തു. വളയംചാൽ ഭാഗത്ത് പഴയ മതിൽ പൊളിച്ചു പുതിയ മതിൽ നിർമിക്കാൻ അടിത്തറ ഒരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ആറ് മാസമാണ് കരാർ കാലാവധി. ഈ സമയ പരിധിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കുമോ എന്നതിലും ഉറപ്പില്ല. ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും ലക്ഷങ്ങളുടെ നാശനഷ്ടമാണ് ആനകൾ ഉണ്ടാക്കുന്നത്. 30 മുതൽ 40 വരെ ആനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 10 വർഷത്തിനിടെ 14 പേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്.