KERALA

പൊന്നോണമായി... സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം കൊടിയേറി

മലയാളികൾക്ക് അത്താശംസകളും ഓണശംസകളും നേരുന്നതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയം കൊടിയേറി. അത്തം പതാക ഉയർത്തി അത്തച്ചമയത്തിൻ്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. മന്ത്രി പി.രാജീവ്, നടൻ ജയറാം, രമേഷ് പിഷാരടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മലയാളികൾക്ക് അത്താശംസകളും ഓണശംസകളും നേരുന്നതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മലയാളികളുടെ ജനകീയമായ ആഘോഷമാണ് ഓണം. തുല്യതയുടെയും സമത്വത്തിൻ്റേയും ആഘോഷം കൂടിയാണത്. ഓണം വരവായി എന്നതിൻ്റെ വിളംബരമാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയിലൂടെ കേരളത്തെ അറിയിക്കുന്നതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

തൃപ്പൂണിത്തുറയിലെ അത്താഘോഷം ലോകമെമ്പാടുമുള്ള മലയാളികളുടേത് കൂടിയാണെന്ന് നടൻ ജയറാം പറഞ്ഞു. ജാതിയും മതവുമില്ലാതെ എല്ലാവരും ഒത്തൊരുമിച്ചുള്ള നമ്മുടെ ഓണഘോഷം ലോകത്തിന് മുഴുവൻ മാതൃകയാണ്. എല്ലാവർക്കും അത്താശംസകളും ഓണശംസകളും നേരുന്നതായും നടൻ ജയറാം ആശംസിച്ചു. അത്തച്ചമയ ഘോഷയാത്രയുടെ ഫ്ലാഗ് ഓഫും നടൻ ജയറാം നിർവഹിച്ചു.

300ൽ അധികം കലാകാരന്മാരും തനതു കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളുമാണ് ഘോഷയാത്രയിൽ അണിനിരന്നത്. വൻ ജനത്തിരക്കാണ് ഘോഷയാത്ര കാണാൻ എത്തിയിരിക്കുന്നത്. ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഇത്തവണ ഭിന്നശേഷി സൗഹൃദമാണ് അത്തച്ചമയം. ഭിന്നശേഷി വിദ്യാര്‍ഥികളാണ് ഉദ്ഘാടന വേദിയിലെ താരങ്ങള്‍.

SCROLL FOR NEXT