
അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനൊരുങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ. ബിജെപി സഖ്യകക്ഷികളായ നിതീഷ് കുമാറിൻ്റെ ജെഡിയുവും, ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടിയും പദ്ധതി അവലോകനം ചെയ്യാൻ ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് രാജസ്ഥാൻ സർക്കാർ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ജയിൽ, ഫോറസ്റ്റ് ഗാർഡുകളായും, സംസ്ഥാന പൊലീസിലുമായിരിക്കും അഗ്നിവീറുകൾക്ക് സംവരണം ലഭിക്കുക. അർപ്പണബോധത്തോടെയും, ദേശസ്നേഹത്തോടെയും അതിർത്തികളിൽ നിന്നുകൊണ്ട് രാജ്യത്തെ സംരക്ഷിക്കുന്ന അഗ്നിവീറുകൾക്ക് സംസ്ഥാന പൊലീസിലും, ജയിൽ ഗാർഡ്, ഫോറസ്റ്റ് ഗാർഡ് ജോലികളിലും സംവരണം ഏർപ്പെടുത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, അഗ്നിവീറുകൾക്ക് എത്ര ശതമാനം സംവരണമാണ് ഏർപ്പെടുത്തുക എന്ന കാര്യം സംസ്ഥാന സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അരുണാചൽ പ്രദേശ് സർക്കാരും അഗ്നിവീറുകൾക്ക് സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്മെൻ്റിന് തയ്യാറെടുക്കാൻ സംസ്ഥാനം യുവാക്കൾക്ക് പരിശീലനം നൽകുമെന്നും, വിരമിക്കുന്ന അഗ്നിവീറുകൾക്ക് സംസ്ഥാന പൊലീസ്, അഗ്നിശമന സേന തുടങ്ങിയവയിൽ സംവരണം ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. മിനിസ്റ്റർ കണ്ഡു എക്സ് പോസ്റ്റിലൂടെ ഈ വിവരം വെളിപ്പെടുത്തിയിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, മധ്യ പ്രദേശ്, ഉത്തർ പ്രദേശ്, ചത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയിരുന്നു.
സിഎപിഎഫ്, ആസാം റൈഫിൾ തുടങ്ങിയവയിൽ അഗ്നിവീറുകൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ സംവരണം സ്ഥിരീകരിച്ച് എക്സ് പോസ്റ്റിൽ കുറിച്ചു.
എന്നാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംവരണം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ അതിന് വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. തങ്ങൾ അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്ന് അഖിലേഷ് യാദവ് അറിയിച്ചു. ആറ് മാസത്തെ പരിശീലനം നൽകി മൂന്നോ, നാലോ വർഷം മാത്രം സേവനം അനുഷ്ഠിക്കാൻ സാധിക്കുന്ന അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിൻ്റെ ഗുണനിലവാരത്തിലും, പ്രൊഫഷണൽ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ കുറ്റപ്പെടുത്തി.
കാർഗിൽ വിജയ് ദിവസിൽ യുദ്ധ സ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതി രാജ്യത്തിന് ആവശ്യമുള്ളതാണെന്നും പ്രതിപക്ഷം അഗ്നിവീറിനെ കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും വിമർശനമുന്നയിച്ചിരുന്നു.