ഹെലികോപ്റ്ററിൽ നിന്ന് കപ്പലിലേക്ക് രാസപ്പൊടി വിതറുന്നു   NEWS MALAYALAM 24X7
KERALA

തീയണക്കാന്‍ ഹെലികോപ്റ്ററില്‍ നിന്ന് രാസപ്പൊടി വിതറി; കപ്പലിലെ ആദ്യ ഇന്ധന ചോര്‍ച്ച അടച്ചു

നന്ദ സാരഥി എന്ന കപ്പല്‍ കൂടി ഇന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകും

Author : ന്യൂസ് ഡെസ്ക്

വാന്‍ ഹായ് 503 കപ്പല്‍ തീപിടിത്ത അപകടത്തെ തടുര്‍ന്നുണ്ടായ ആദ്യ ഇന്ധനച്ചോര്‍ച്ച അടച്ചു. ഇന്ധന ടാങ്ക് 22-ലെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അടച്ചത്. തീ അണയ്ക്കാന്‍ ഹെലികോപ്റ്ററില്‍ നിന്ന് രാസ വസ്തുവായ ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറി. നന്ദ സാരഥി എന്ന കപ്പല്‍ കൂടി ഇന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകും.

വ്യാഴാഴ്ച വൈകിട്ടോടെ തീ പൂര്‍ണമായും അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ദിവസമായിട്ടും തീ പടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ മാര്‍ഗങ്ങള്‍ തേടിയത്. തീ അണയ്ക്കാനായി ഇന്ന് പന്ത്രണ്ട് പേര്‍ കൂടി ചേരും. നേവി കപ്പലുകളും ഇന്ന് ചേരും. ഇതിനിടയില്‍ കപ്പല്‍ വടംകെട്ടി ടഗ് ബോട്ടില്‍ ബന്ധിപ്പിച്ച് കേരളാ തീരത്ത് നിന്ന് അകലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതേസമയം, കപ്പലില്‍ നിന്ന് രാസവസ്തുക്കള്‍ അടക്കം പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ കടലിലെ വെള്ളവും വായുവും മലിനമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അഴീക്കലില്‍ നിന്ന് 82 കിലോമീറ്റര്‍ മാത്രം അകലെയാണ് കപ്പലിന് തീപിടിച്ചത്. അതിനാല്‍ ആദ്യം കണ്ണൂരിന്റെ പല ഭാഗങ്ങളിലും വായു മലിനമാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനത്തിലാണ് അധികൃതര്‍. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബേക്കല്‍ മുതല്‍ കൊച്ചിവരെയുള്ള തീരക്കടലില്‍ എണ്ണപ്പാട ഭീഷണിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കത്തികൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് 20000 ങഠ ഫര്‍ണസ് ഓയില്‍ കടലില്‍ പരക്കുവാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് (കചഇഛകട)കേരള തീരത്ത് എണ്ണപ്പാട ഭീഷണി മുന്നറിയിപ്പ് നല്‍കിയത്. ഇതുമൂലം വന്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഈ മാസം 16ന് ശേഷം കൂട്ടത്തോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാന്‍ സാധ്യത ഉണ്ടെന്നാണ് ഇന്‍കോയിസിന്റെ വിലയിരുത്തല്‍. കണ്ടെയ്‌നറുകളുടെ ഗതി അടുത്ത ദിവസങ്ങളില്‍ കടലിന്റെ ഒഴുക്കിനെ ആശ്രയിച്ചായിരിക്കും.

SCROLL FOR NEXT