ബേപ്പൂർ തുറമുഖത്തിന് അടുത്ത് ചരക്ക് കപ്പൽ തീപ്പിടിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ ജാഗ്രത നിർദേശം.രാസവസ്തുക്കൾ അടക്കമുള്ള കണ്ടയ്നറുകൾ പൊട്ടിത്തെറിച്ച സാഹചര്യത്തിൽ വെള്ളവും വായുവും മലിനമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ആദ്യം പ്രതിഫലിക്കുക കണ്ണൂരിലാകുമെന്നാണ് കണക്കുകൂട്ടലിനെ തുടർന്നാണ് ജാഗ്രത പുറപ്പെടുവിച്ചത്.
കത്തിയ ചരക്കുകപ്പലിൽ അതിതീവ്ര മലിനീകരണമുണ്ടാക്കുന്ന രാസവസ്തുക്കളും കീടനാശിനികളും ഉൾപ്പെടെയുള്ളവയാണ് ഉള്ളത്. കണ്ടെയ്‌നറുകളിൽ പലതും പൊട്ടിത്തെറിച്ചതോടെ ഇവ കടലിലും വായുവിലും കലരാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തീരത്തെ ജനജീവിതത്തെ ഇത് കാര്യമായി ബാധിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വെള്ളവും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നേതൃത്വത്തിൽ വായുവും പരിശോധിക്കുന്നുണ്ട്.
അഴീക്കലിൽ നിന്ന് 82 കിലോമീറ്റർ മാത്രം അകലെയാണ് കപ്പലിന് തീപിടിച്ചത്. അതിനാൽ ആദ്യം കണ്ണൂരിൻ്റെ പല ഭാഗങ്ങളിലും വായു മലിനമാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനത്തിലാണ് അധികൃതർ. അതിനാലാണ് സൾഫർ ഡിഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് എന്നിവയുടെ സാനിധ്യം കണ്ടെത്താൻ പർട്ടിക്കുലർ മീറ്റർ അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയത്. എന്നാൽ ഇതുവരെ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതമായി ആദ്യം വായു കണ്ണൂരിലേക്ക് എത്താനുള്ള സാധ്യത മലിനീകരണ നിയന്ത്രണ ബോർഡ് തള്ളുന്നില്ല. അതിനാൽ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം, കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. കടലിലെ പ്രതികൂല കാലാവസ്ഥതീ അണയ്ക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് കോസ്റ്റ്‌ഗാർഡ് അറിയിച്ചു. കപ്പൽ വടംകെട്ടി ടഗ് ബോട്ടിൽ ബന്ധിപ്പിച്ച് കേരളാ തീരത്ത് നിന്ന് അകലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
തീപിടിച്ച കപ്പൽ ഇപ്പോഴും പാരിസ്ഥിതിക അപകട സാധ്യത ഉയർത്തുന്നതായി ഇന്ത്യൻ നാവികസേനയും തീര സംരക്ഷണ സേനയും അറിയിച്ചു. കപ്പലിലെ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അവർ നൽകുന്ന വിശദീകരണം.