കോട്ടയം: പഠനകാലം മുതൽ ഉറ്റസുഹൃത്തുക്കളാണ് പാമ്പാടി വാഹനാപകടത്തിൽ മരിച്ച കൃപയും ആഷ്ലിയും. വലിയ സ്വപ്നങ്ങൾ ബാക്കി വച്ചാണ് ഇരുവരും ഒന്നിച്ച് മടങ്ങുന്നത്. ബിഎംഎം സ്കൂളിലാണ് ഇരുവരും പഠിച്ചത്. മനസിൻ്റെ കണ്ണാടി പോലെ പരസ്പരം സ്നേഹിച്ചവർ. ഓസ്ട്രേലിയയിൽ ആയിരുന്നു കൃപ. എന്ന് നാട്ടിൽ എത്തുമ്പോഴും ആദ്യം കാണാൻ എത്തുന്നത് ആഷ്ലിയേയാണ്.
ഇത്തവണയും നാട്ടിലെത്തിയ കൃപ കാറിലാണ് ആഷ്ലിയുടെ വീട്ടിലെത്തിയത്. അവിടെ നിന്ന് സ്കൂട്ടറിൽ മറ്റൊരു സുഹൃത്തിനെ കാണാൻ പോകുന്ന വഴിയാണ് ഇരുവരും അപകടത്തിൽപ്പെടുന്നത്. ഈ മാസം 24,25 തീയതികളിൽ ഇടവക പള്ളിയിലെ പെരുന്നാൾ ആഘോഷിക്കാനാണ് കൃപ സഹോദരനൊപ്പം നാട്ടിലെത്തിയത്. അടുത്തമാസം കൃപയുടെ പിറന്നാൾ ആഘോഷിക്കാൻ ഇരിക്കെയാണ് അപകടം അവളുടെ ജീവൻ കവരുന്നത്. ജീവതത്തിൽ വലിയ സ്വപ്നങ്ങൾ ബാക്കി വച്ചാണ് കൃപയും ആഷ്ലിയും മടങ്ങുന്നത്.
കൃപയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം പാമ്പാടി കടവുംഭാഗം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ആഷ്ലിയുടെ സംസ്കാര ചടങ്ങുകൾ നാളെയാണ്. കോട്ടയം - കുമളി ദേശീയപാതയിൽ പതിമൂന്നാം മൈലിൽ ബസിനടിയിൽപ്പെട്ടാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കൃപയും ആഷ്ലിയും മരിച്ചത്. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടറിന് എതിർദിശയിൽ കോട്ടയം ഭാഗത്തേക്ക് വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രണ്ട് പേരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് ജീവൻ നഷ്ടമാകുന്നത്.